കണ്ണൂർ: റോഡ് വികസനത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കണ്ണൂർ പയ്യന്നൂരിൽ സിപിഎം നേതൃത്വത്തിലുളള ജനകീയ സമിതി ഭൂമി ഏറ്റെടുക്കുന്നു. കോടതി ഉത്തരവിന് പോലും പുല്ലുവില കൽപിച്ച് ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാതെയാണ് കിഫ്ബി പദ്ധതിയുടെ പേരിൽ സർക്കാരിന്റെ നടപടി. കിഫ്ബി പദ്ധതിയായതിനാൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന വിചിത്ര ന്യായമാണ് സിപിഎം നേതാക്കൾ പറയുന്നത്.
പെരുമ്പ-മാതമംഗലം പിഡിബ്ല്യുഡി റോഡ് വീതി കൂട്ടുന്നതിന്റെ പേരിലാണ് അന്യായമായ ഭൂമി ഏറ്റെടുക്കൽ. അൻപതിലേറെ കുടുംബങ്ങൾക്ക് ഇവിടെ ഭൂമി നഷ്ടമാകും. അഞ്ച് സെന്റ് മുതൽ 20 സെന്റിൽ താഴെ വരെ മാത്രം ഭൂമിയിൽ വീട് വെച്ച് താമസിക്കുന്നവരാണ് ഇവരിൽ അധികവും. റോഡിന്റെ വശങ്ങളിലുളള ചെറിയ കടകളും പൊളിച്ചു നീക്കും. ഇവർക്കും നഷ്ടപരിഹാരമില്ല.
എട്ട് മീറ്റർ വീതിയുണ്ടായിരുന്ന റോഡിന് 12 മീറ്റർ വീതിയാക്കാനാണ് ഇത്തരത്തിൽ ഭൂമി ഏറ്റെടുക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെട്ട പദ്ധതിക്ക് 58 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡിന്റെ വീതി 10 മീറ്ററാക്കി ചുരുക്കിയാൽ ഇത്രയധികം പേർക്ക് സ്ഥലം നഷ്ടപ്പെടില്ലായിരുന്നു. ഇത് നാട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ 10 മീറ്റർ ആണെങ്കിൽ 21 കോടി രൂപ മാത്രമേ കിട്ടൂ എന്നായിരുന്നു നേതാക്കളുടെ മറുപടി.
പൊതുവായ വികസനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകണമെന്ന നിയമങ്ങളെല്ലാം കാറ്റിൽപറത്തിയാണ് ഇപ്പോൾ ബലമായി ഭൂമി ഏറ്റെടുക്കുന്നത്. പാർട്ടിക്കാരുടെ ഭീഷണി മൂലം പ്രതിഷേധിക്കാൻ പോലുമാകാത്ത സ്ഥിതിയാണെന്ന് ഭൂമി നഷ്ടപ്പെടുന്നവർ പറയുന്നു. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനന്റെ നേതൃത്വത്തിലുളളതാണ് ജനകീയ സമിതി. ഇതിന്റെ നേതൃത്വത്തിലാണ് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി ഭൂമി പിടിച്ചെടുക്കുന്നത്.
നാട്ടുകാർ മുൻസിഫ് കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് ഉൾപ്പെടെ വാങ്ങിയെങ്കിലും ഇതിന് പുല്ലുവില നൽകിയാണ് ബുൾഡോസർ ഇറക്കി മതിലും മറ്റും ഇടിച്ചുനിരത്തുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുളളവരാണ് ജെസിബിയുമായി എത്തി വീടിന്റെ മതിൽ തകർക്കാൻ മുന്നിൽ നിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പിഡബ്ല്യുഡിക്കും കിഫ്ബിക്കും പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.
ഇത്തരത്തിൽ ഭൂമി ഏറ്റെടുക്കുമ്പോൾ രജിസ്‌ട്രേഷൻ വിലയുടെ രണ്ടിരട്ടിയെങ്കിലും കൊടുക്കണമെന്നാണ് വ്യവസ്ഥ. കെ റെയിൽ ഭൂമി ഏറ്റെടുക്കലിൽ വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ ഏത് വികസന പ്രവർത്തനങ്ങൾക്കും ഭൂമി വിട്ടുനൽകിയാൽ വൻതുക നഷ്ടപരിഹാരം നൽകുമെന്ന് ആയിരുന്നു വീഡിയോ പരസ്യങ്ങളിലൂടെയും മറ്റും സർക്കാർ അവകാശപ്പെട്ടിരുന്നത്. പാർട്ടിയുടെ ഭീഷണി ഭയന്നാണ് നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാൻ മടിക്കുന്നത്.
Discussion about this post