കണ്ണൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ വീതി കൂട്ടാൻ നഷ്ടപരിഹാരം നൽകാതെ റോഡ് ഏറ്റെടുക്കാൻ ശ്രമിച്ചതിനെ എതിർത്ത അഭിഭാഷകന് നേരെ സിപിഎം ആക്രമണം. വാഹനങ്ങൾ അടിച്ചു തകർത്തു. മാതമംഗലം സ്വദേശി മുരളി പള്ളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരുമ്പ-കാനായി-മണിയറ- മാതമംഗലം റോഡ് ആണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വീതി കൂട്ടുന്നത്. ഇതിനായി നിരവധി കുടുംബങ്ങളാണ് സ്ഥലം വിട്ടു നൽകിയത്. എന്നാൽ സ്ഥലം വിട്ട് നൽകിയതിന് അർഹമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് 50 ഓളം കുടുംബങ്ങൾ കോടതിയെ സമീപിച്ചു. മുരളി വഴി കോടതിയെ സമീപിച്ച ഇവർക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പ്രകോപനത്തിലായിരുന്നു ആക്രമണം.
റോഡ് കമ്മിറ്റി കൺവീനർ ഗംഗാധരന്റ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായി എത്തിയ അക്രമികൾ കാറും ഇരുചക്രവാഹനവുമാണ് തകർത്തത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്. സംഭവ സമയം മുരളിയുടെ മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മുരളിയുടെ പരാതിയിൽ പോലീസ് ആറ് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. മുരളിയുടെ മകൻ അഭിരാമിന്റെ പരാതിയിലാണ് പോലീസ് നടപടി. സിപിഎം പ്രവർത്തകരായ പത്മനാഭൻ, രവീന്ദ്രൻ, പ്രസന്നൻ, രാഹുൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയുമാണ് കേസ് എടുത്തത്.
Discussion about this post