കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവെയ്പ് കേസിന്റെ അന്വേഷണത്തിലും പ്രതിയെ പിടിക്കുന്നതിലും കേരള പോലീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേന്ദ്ര ഏജൻസി സംഭവം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചുവെന്നും കെ സുധാകരൻ പറഞ്ഞു. കേരളത്തിലെ അന്വേഷണം ഏകപക്ഷീയമായിരിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുധാകരൻ കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
അലസമായിട്ടാണ് പോലീസ് അന്വേഷണം നടത്തിയതെന്നതിന് ഒരുപാട് തെളിവുകൾ ഈ കേസിൽ ഉണ്ട്. അയാളെ അതിന് പ്രേരിപ്പിച്ച വികാരം എന്താണെന്ന് കണ്ടെത്തണം. നിഷ്‌കളങ്കരായ സാധാരണക്കാരാണ് അക്രമത്തിന് ഇരയായത്. അവരെ കൊന്നിട്ട് അവനെന്ത് നേട്ടം. വെറുതെ ഒരാൾ പോയിട്ട് ആളുകളെ കൊല്ലാൻ നോക്കുമോ? ഒന്നുകിൽ മാനസീകമായ പ്രശ്‌നം, അല്ലെങ്കിൽ തീവ്രവാദ വികാരം കൊണ്ടുണ്ടായ ഭ്രാന്താണ്. ആ തീവണ്ടിയിൽ യാത്ര ചെയ്ത ആളുകളോട് അയാൾക്ക് മുൻവൈരാഗ്യം ഒന്നുമില്ല. ഗൗരവമായി അന്വേഷിക്കേണ്ട കാര്യമാണിതെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിലെ പോലീസിന്റെ ചരിത്രത്തിൽ ഇത്രയും നഗ്നമായ വീഴ്ച നടന്നിട്ടില്ല. നിസംഗമായിട്ടാണ് പോലീസ് അന്വേഷണം. പ്രതി രക്ഷപെട്ട് ഇത്രയും മണിക്കൂർ എവിടെയാണെന്നതിന് കൃത്യമായ വിവരം ഇല്ല. സംഭവം കഴിഞ്ഞിട്ട് കണ്ണൂരൊക്കെ ചുറ്റിയടിച്ചിട്ടാണ് പോയത്. പോകുന്നിടത്ത് പോലും വഴിയോരത്ത് ഇട്ട് പിടിക്കാൻ കഴിഞ്ഞില്ല.
പ്രതിയെയും കൊണ്ട് വരുമ്പോൾ പോലും ഉത്തരവാദിത്വമില്ലാത്ത സമീപനമാണ് പോലീസ് കാണിച്ചതെന്ന് സുധാകരൻ വിമർശിച്ചു. മരിച്ചവർ റെയിൽട്രാക്കിൽ എങ്ങനെ വീണുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Discussion about this post