കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് ഭീകരപ്രവർത്തനമെന്ന് പോലീസ് റിപ്പോർട്ട്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി പോലീസ് റിപ്പോർട്ട് നൽകിയിരുന്നു.
യുഎപിഎ ചുമത്തിയതിനാൽ മജിസ്‌ട്രേറ്റ് കോടതിക്ക് ഇനി കേസ് പരിഗണിക്കാനാകില്ല. അതുകൊണ്ടു തന്നെ കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റാനും അന്വേഷണ സംഘം അപേക്ഷ നൽകി. പ്രതി ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും കൃത്യത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭീകരപ്രവർത്തനമായതിനാലാണ് കേസിൽ യുഎപിഎ ചുമത്തിയതെന്നും പോലീസ് റിപ്പോർട്ടിൽ പറഞ്ഞു.
നാളെയാണ് ഷാറൂഖ് സെയ്ഫിയുടെ റിമാൻഡ് കാലാവധി അവസാനിക്കുന്നത്. സെഷൻസ് കോടതിയിലാകും ഇനി ജാമ്യാപേക്ഷ സമർപ്പിക്കാനാകുക. ഈ മാസം രണ്ടിനാണ് ആലപ്പുഴ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ എലത്തൂരിന് സമീപം വെച്ച് ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. യാത്രക്കാരനായി ട്രെയിനിൽ കയറിയ ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ സഹയാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
മൂന്ന് ദിവസങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടുന്നത്. കൃത്യത്തിന് ശേഷം കണ്ണൂരിലെത്തിയാണ് ഇയാൾ വീണ്ടും ട്രെയിനിൽ കേരളം വിട്ടത്. കേസിൽ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയതിനെ തുടർന്നാണ് എൻഐഎ കേസ് ഏറ്റെടുത്തത്.
Discussion about this post