കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് തീവണ്ടിയിൽ തീവെച്ച സംഭവത്തിൽ അറസ്റ്റിലായ ഷഹ്‌റൂഖ് സെയ്ഫിയുടെ പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമേ പൂർത്തിയായിട്ടുളളൂവെന്ന് പോലീസ്. അന്വേഷണ പുരോഗതിയുടെ കൂടുതൽ വിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവെയ്ക്കാറായിട്ടില്ലെന്നും എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു.
ഇന്ന് വൈകിട്ടാണ് നടപടികൾ പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിൽ കിട്ടിയത്. ഇന്നലെ പ്രതിയെ രത്‌നഗിരിയിൽ നിന്നും കേരളത്തിൽ എത്തിച്ച ശേഷം വിശദമായ മെഡിക്കൽ പരിശോധന നടത്തി. ആറ് മണിക്കൂറോളം മെഡിക്കൽ പരിശോധനയിലായിരുന്നു. സ്‌കാനിങ് ഉൾപ്പെടെയുളള ടെസ്റ്റുകൾ നടത്തി. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് കൂടി ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടതിനാൽ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഷഹറൂഖ് സെയ്ഫി തന്നെയാണ് കൃത്യം ചെയ്തത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബാഗും ഇയാളുടേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും എഡിജിപി പറഞ്ഞു.
പ്രതിയുമായുളള തെളിവെടുപ്പ് അന്വേഷണത്തിന്റെ ഭാഗമാണ്. അത് നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് നടക്കും. കേസുമായി ബന്ധപ്പെട്ട് എവിടെയൊക്കെ തെളിവെടുപ്പ് നടത്തണോ അവിടെയെല്ലാം കൊണ്ടുപോയി തെളിവെടുക്കുമെന്നും എഡിജിപി പറഞ്ഞു.
പ്രതിയെ കൊണ്ടുവരുന്ന വഴിയിൽ വാഹനത്തിന്റെ ടയർ പഞ്ചറായതും പകരം ഏർപ്പെടുത്തിയ വാഹനം ബ്രേക്ക് ഡൗൺ ആയതും സുരക്ഷാ വീഴ്ചയായി കാണാനാകില്ലെന്നും സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യങ്ങൾ മാത്രമാണെന്നും ആയിരുന്നു എഡിജിപിയുടെ പ്രതികരണം. അത്തരം കാര്യങ്ങൾ അതിന്റെ വഴിയിൽ മാത്രമേ കാണുന്നുള്ളൂവെന്നും എഡിജിപി പറഞ്ഞു. ഒരു പ്രതിയെ എങ്ങനെ കൊണ്ടുവരണമെന്ന് പോലീസിന് നല്ല ബോദ്ധ്യമുണ്ടെന്നും അതനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post