ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ ഭീകരാക്രമണ സാദ്ധ്യത തളളിക്കളയാതെ ഡിജിപി അനിൽകാന്ത്. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി ഷഹറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതായി ഡിജിപി സ്ഥിരീകരിച്ചു.
നിലവിൽ ഇയാളുടെ വൈദ്യ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ജനറൽ മെഡിസിൻ, ഫോറൻസിക് തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്ടർമാരുടെ സംഘമാണ് വൈദ്യ പരിശോധന നടത്തുന്നത്. ഇതിന് ശേഷം ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച് വിശദമായ ചോദ്യം ചെയ്യൽ ആരംഭിക്കുമെന്നും ഡിജിപി പറഞ്ഞു.
ഇയാൾ കുറ്റം സമ്മതിച്ചോ എന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്ന് ആയിരുന്നു മറുപടി. എല്ലാ രീതിയിലും വിശദമായി ചോദ്യം ചെയ്യും. നിഗമനങ്ങളിലെത്താനാകില്ലെന്നും ഡിജിപി പറഞ്ഞു. ഭീകരാക്രമണ സാദ്ധ്യത ഉൾപ്പെടെ ചോദ്യം ചെയ്യലിന് ശേഷമേ സ്ഥിരീകരിക്കാനാകൂ. യുഎപിഎ ചുമത്തുന്നതും പിന്നീട് മാത്രമേ തീരുമാനിക്കാനാകൂവെന്ന് ഡിജിപി പറഞ്ഞു.
എങ്ങനെയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയതെന്ന ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘവും മഹാരാഷ്ട്ര പോലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ പരിശ്രമമാണെന്ന് ഡിജിപി പറഞ്ഞു. ഇയാളിലേക്കുളള കൃത്യമായ തുമ്പുകൾ ലഭിച്ചിരുന്നു. സമയത്തിന് പിന്തുടരാനും പിടികൂടാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. അയാൾ ഒറ്റയ്ക്ക് ആയിരുന്നോ എന്ന ചോദ്യത്തിന് അത് പരിശോധിക്കണമെന്ന് ആയിരുന്നു ഡിജിപിയുടെ മറുപടി.
മഹാരാഷ്ട്രയിൽ അറസ്റ്റിലായ സെയ്ഫിയെ ഇന്ന് പുലർച്ചെയാണ് കേരളത്തിൽ എത്തിച്ചത്.
Discussion about this post