ടെഹ്‌റാൻ: ചാരവൃത്തി ആരോപിച്ച് ഇറാൻ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ മുൻ പ്രതിരോധ ഉപമന്ത്രി അലി റേസ അക്ബറി നേരിട്ട കൊടുംപീഡനങ്ങൾ വിശദീകരിക്കുന്ന ശബ്ദരേഖ പുറത്ത്. ബിബിസിയുടെ പേർഷ്യൻ വിഭാഗമാണ് വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ ശബ്ദരേഖ പുറത്തുവിട്ടത്. 3500 മണിക്കൂറോളം കടുത്ത പീഡനത്തിന് വിധേയനായതായി അക്ബറി ഓഡിയോയിൽ പറയുന്നു. തന്റെ മനക്കരുത്ത് മുഴുവൻ ചോർത്തിയെടുത്താണ് ബലമായി കുറ്റസമ്മതം നടത്തിച്ചതെന്നും ഓഡിയോയിൽ ആരോപിക്കുന്നുണ്ട്.
ആയുധങ്ങളും വധഭീഷണിയും ഉൾപ്പെടെ കുറ്റം സമ്മതിപ്പിക്കാനുളള പീഡന മുറകളായി പുറത്തെടുത്തുവെന്നും അലി റേസ അക്ബറി പറയുന്നു. മാനസീക വിഭ്രാന്തി ഉണ്ടാക്കുന്ന മയക്കുമരുന്നുകൾ നൽകി. മാനസീകമായി കടുത്ത സമ്മർദ്ദം ചെലുത്തി ഭ്രാന്തിന്റെ വക്കോളം എത്തിച്ചിട്ടാണ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും ഓഡിയോയിൽ പറയുന്നു.
അക്ബറിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തളളിയാണ് ശിക്ഷ നടപ്പാക്കിയത്. ബ്രിട്ടന്റെ രഹസ്യ ഇന്റലിജൻസ് വിഭാഗത്തിന്റെ ഏജന്റായിരുന്നു അക്ബറിയെന്നാണ് ഇറാൻ കണ്ടെത്തിയത്. എന്നാൽ ഇത് സമർത്ഥിക്കുന്നതിനുളള തെളിവുകളൊന്നും പുറത്തുവിട്ടിരുന്നില്ല. ബ്രിട്ടീഷ് പൗരത്വം ഉൾപ്പെടെ ഇത്തരം വിവരങ്ങൾ കൈമാറാനുളള മറയാക്കി അക്ബറി ഉപയോഗിച്ചുവെന്നും ഇറാൻ കോടതി വ്യക്തമാക്കിയിരുന്നു. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ വിചാരണ ഉൾപ്പെടെ രഹസ്യമായിട്ടാണ് നടത്തിയത്.
വൻതുക കൈപ്പറ്റി അക്ബറി രഹസ്യങ്ങൾ ചോർത്തിയെന്നാണ് ഇറാന്റെ ആരോപണം.
അക്ബറിയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ എഡിറ്റ് ചെയ്ത് നേരത്തെ ഇറാൻ ടെലിവിഷൻ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഭീഷണിപ്പെടുത്തിയുളള കുറ്റസമ്മതമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.
ബ്രിട്ടന്റെയും ഇറാന്റെയും ഇരട്ട പൗരത്വമുളള അലി റേസ അക്ബറിയെ ഇറാൻ 2019 ലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് വീസയിൽ തിരികെ പോയ അദ്ദേഹത്തെ ഇറാനിലേക്ക് ക്ഷണിച്ചുവരുത്തി പിടികൂടുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായുളള കലഹത്തിന് ഇടയാക്കിയ ഇറാന്റെ വിവാദമായ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇടനില നിന്നത് അക്ബറിയാണ്. ഈ വിവരങ്ങൾ പുറത്തുപോകുമെന്ന ഭയം മൂലമാണ് ഇറാൻ വധശിക്ഷ നടപ്പാക്കിയതെന്നാണ് ആരോപണം.
ഇറാന്റെ നടപടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നടുക്കം പ്രകടിപ്പിച്ചു. ഭീരുത്വം നിറഞ്ഞ നടപടിയാണിത്. സ്വന്തം രാജ്യത്തെ പൗരൻമാരുടെ പോലും മനുഷ്യാവകാശങ്ങൾ പരിഗണിക്കാത്ത രാജ്യമായി ഇറാൻ മാറിയെന്ന് ഋഷി സുനക് ചൂണ്ടിക്കാട്ടി. ഇറാന്റെ നയതന്ത്ര ചുമതലയുളള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഫ്രഞ്ച് വിദേശകാര്യമന്ത്രാലയവും പ്രതിഷേധം അറിയിച്ചു. നിരന്തരം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇറാന്റെ നടപടികൾ അധികകാലം മറുപടിയില്ലാതെ പോകില്ലെന്നും ഫ്രാൻസ് താക്കീത് നൽകി.
Discussion about this post