തിരുവല്ല; സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ആടുജീവിതം സിനിമയുടെ ട്രെയിലർ അല്ലെന്ന് സംവിധായകൻ ബ്ലെസി. ചോർന്ന ദൃശ്യങ്ങൾ ഔദ്യോഗികമായി റിലീസ് ചെയ്ത ട്രെയിലർ അല്ല, വേൾഡ് വൈഡ് റിലീസിനും ഫെസ്റ്റിവൽ പ്രദർശനത്തിനും ഏജന്റുമാരെ കാണിക്കാൻ തയ്യാറാക്കിയ ഭാഗമാണെന്ന് നവമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ വിശദീകരണത്തിൽ സംവിധായകൻ പറഞ്ഞു.
മൂന്ന് മിനിറ്റോളം വരുന്ന കണ്ടെന്റാണ് പ്രചരിക്കുന്നത്. ട്രെയിലർ ഒരു മിനിറ്റിലോ ഒന്നര മിനിറ്റിലോ ഒതുങ്ങേണ്ടതാണ്. ട്രെയിലർ എന്ന രീതിയിൽ അതിനെ ട്രീറ്റ് ചെയ്യാനാകില്ല. കൃത്യമായ സംഗീതമോ ദൃശ്യങ്ങളുടെ ഗ്രേഡിംഗോ ഒന്നും നടത്തിയ ഭാഗങ്ങളല്ല അതിലുളളത്. കീബോർഡിലൊക്കെ മാത്രം ചെയ്ത മ്യൂസിക്കാണെന്നും ബ്ലെസി ചൂണ്ടിക്കാട്ടി.
കാലിഫോർണിയയിലെ ഡെഡ്‌ലൈൻ എന്ന മാഗസിനിലാണ് ദൃശ്യങ്ങൾ ആദ്യമായി വന്നതെന്നാണ് മനസിലാക്കുന്നതെന്ന് ബ്ലെസി പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിക്കുന്നതിൽ വിഷമം ഉണ്ട്. സിനിമയുടെ ജോലികൾ പുരോഗമിക്കുകയാണ്. ആ ഘട്ടത്തിലാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് പോയത്. അതിന്റെ മാനസീകമായ പ്രയാസം ഉണ്ടെന്നും പ്രേക്ഷകരോട് അത് പങ്കുവെയ്ക്കാനാണ് വീഡിയോയെന്നും പറഞ്ഞാണ് വാക്കുകൾ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സിനിമയിൽ നിന്നുളള മൂന്ന് മിനിറ്റും ആറ് സെക്കൻഡുമുളള വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഫെസ്റ്റിവൽ സർക്യൂട്ടിൽ നൽകാൻ വേണ്ടി കട്ട് ചെയ്ത ദൃശ്യങ്ങളാണ് ഓൺലൈനിലെത്തിയതെന്ന് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന പൃഥ്വിരാജും ഇന്നലെ അറിയിച്ചിരുന്നു. എവിടെ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്ന കാര്യം അണിയറ പ്രവർത്തകർ പരിശോധിക്കുന്നുണ്ട്. എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയത്.
Discussion about this post