ബംഗളൂരു : ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. കരുതൽ തടങ്കലിൽ ഉള്ള ആൾക്ക് ഇത്ര വലിയ തുക കണ്ടെത്താൻ കഴിയില്ലെന്നും മദനി ചൂണ്ടിക്കാട്ടി. മദനിയുടെ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണ് തീരുമാനം.
ജാമ്യത്തിൽ ഇളവ് ലഭിച്ചതിനു പിന്നാലെ കേരളത്തിലേക്ക് പോകാൻ മദനി ഒരുങ്ങിയിരുന്നു. എന്നാൽ കേരളത്തിലേക്കുള്ള യാത്ര, സുരക്ഷ ചിലവുകൾ, അകമ്പടി എന്നിവയ്ക്കായി അൻപത്തിയഞ്ച് ലക്ഷത്തോളം രൂപ കെട്ടിവെക്കണമെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയിരുന്നു. ജൂലൈ 8 വരെയുള്ള സുരക്ഷ കാര്യങ്ങൾക്കാണ് ഇത്രയും തുക നൽകേണ്ടത്.
ക്രൈം ഡിസിപി യതീഷ് ചന്ദ്ര ഐപിഎസ് അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ മദനിക്കുള്ള സുരക്ഷ ഭീഷണി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചിരുന്നു. സമിതി കേരളത്തിൽ വിവിധ സ്ഥലങ്ങളിലെത്തി സ്ഥിതിഗതികൾ പരിശോധിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ചിലവ് നിശ്ചയിച്ചത്.
മദനിക്കുള്ള സുരക്ഷ ഭീഷണി, കേരളത്തിലെത്തിയാൽ നേരിടാൻ സാദ്ധ്യതയുള്ള ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ പരിശോധിച്ചായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിൽ ദീർഘകാലം ക്രമസമാധാന ചുമതലയിൽ ഉണ്ടായിരുന്നത് കൊണ്ടാണ് യതീഷ് ചന്ദ്രയെ ദൗത്യത്തിന് നിയോഗിച്ചത്.
സുരക്ഷയ്ക്കുള്ള ചിലവ് തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മദനി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കർണാടക സർക്കാരിന്റെ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
Discussion about this post