കൊച്ചി: ജമാ അത്തെ ഇസ്ലാമിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ആർഎസ്എസ് നേതൃത്വം. കൊച്ചിയിൽ എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആർ എസ് എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ ബാലറാം, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്ര മുസ്ലീം നിലപാടുളള സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറല്ലെന്നും നേതൃത്വം വ്യക്തമാക്കി.
ഡൽഹിയിൽ ആർഎസ്എസുമായി മുസ്ലീം പ്രതിനിധി സംഘം ചർച്ച നടത്തിയിരുന്നു. ആ പ്രതിനിധി സംഘത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയും ഉണ്ടായിരുന്നു. അതാണ് സംഭവിച്ചത്. അവരുടെ പ്രതിനിധിയുമായി നേരിട്ട് ആർഎസ്എസ് നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്നും ഇരുവരും അറിയിച്ചു. മുസ്ലീം പ്രതിനിധി സംഘം ആർഎസ്എസ് ക്ഷണിച്ചിട്ട് വന്നതല്ല. ചർച്ച നടത്തണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ട് എത്തിയതാണ് ഇവരെന്നും ഇരുവരും വ്യക്തമാക്കി.
ആർഎസ്എസ് നേതൃത്വം ജമാ അത്തെ ഇസ്ലാമിയുമായി ചർച്ച നടത്തിയെന്ന തരത്തിൽ തെറ്റായ പ്രചാരണം സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയിലുൾപ്പെടെ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവരും വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ അവരുമായി ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്ന ചോദ്യത്തിന് കേരളത്തിൽ ഇസ്ലാമിക മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പുലർത്തുന്ന ആരുമായും ഒരിക്കലും അത്തരം ചർച്ച ഉണ്ടാകില്ലെന്നും ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി.
ക്രിസ്തീയ വിഭാഗങ്ങൾ ഉൾപ്പെടെയുളളവരുമായി ആർഎസ്എസ് സമ്പർക്കം നടത്തുന്നുണ്ട്. ആ നിലയ്ക്കാണ് മുസ്ലീം സമുദായങ്ങളുമായുളള ചർച്ചകളെയും കാണുന്നത്. പലരും പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ സമൂഹം ആർഎസ്എസിനെ ഭയത്തോടെ കണ്ട സാഹചര്യം മാറിയെന്നാണ് ഇത്തരം സമ്പർക്കങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു. സംഘത്തെക്കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകൾ അവർക്ക് മാറിയെന്നാണ് മനസിലാകുന്നത്. മുസ്ലീം ലീഗിന്റെ സിറ്റിങ് എംഎൽഎയുമായി ഉൾപ്പെടെ ആർഎസ്എസ് ഇത്തരത്തിൽ സമ്പർക്കം നടത്തിയിട്ടുണ്ട്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിലും അവർക്കും വർഗിയ താൽപര്യമുണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ആർഎസ്എസ് പ്രവർത്തിക്കുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനായിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. സംഘത്തിന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ നീങ്ങില്ല. ബിജെപിക്ക് കേരളത്തിൽ സംഘടനാപരമായ കരുത്തുണ്ട്. പക്ഷെ കേരളത്തിൽ തിരഞ്ഞെടുപ്പുകളിൽ വിജയം നിശ്ചയിക്കുന്നത് മറ്റ് പല ഘടകങ്ങളാണ്. കേരളത്തിലെ മുന്നണി സംവിധാനം തന്നെ ബിജെപിയുടെ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് കാരണമാണെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയവേ ആർഎസ്എസ് നേതൃത്വം ചൂണ്ടിക്കാട്ടി. ബിജെപിയുടെ സംഘടനാപരമായ കാര്യങ്ങളിൽ അവരുടെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവുമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും ആർഎസ്എസ് നേതൃത്വം വിശദീകരിച്ചു.
Discussion about this post