ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും എൻഐഎ പരിശോധന. ഭീകരവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങൡലാണ് പുലർച്ചെ മുതൽ എൻഐഎ പരിശോധന ആരംഭിച്ചത്.
കൊടും കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയുടെ ഗ്യാംഗിന് പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസുമായി(ഐഎസ്‌ഐ) ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഉത്തർപ്രദേശിൽ പിലിഭിത്തിൽ നത്തിയ പരിശോധനയിൽ രാജ്യത്ത് ഭീകരാക്രമണം നടത്തുന്നതിനായി പാകിസ്താനിൽ നിന്നും കൈപ്പറ്റിയ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ എൻഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്.
മറ്റ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലും വൻ ആയുധ ശേഖരം കണ്ടെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ നിന്നും മൊഴി ശേഖരിച്ചുവരികയാണ്. സംഭവത്തിൽ കൊടും കുറ്റവാളികളായ നിരവധി പേരെ എൻഐഎ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.
ഇതേ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലും എൻഐഎ വ്യാപക പരിശോധന നടത്തിയിരുന്നു. 50 ഇടങ്ങളിൽ ആയിരുന്നു പരിശോധന. അന്നും വൻ ആയുധ ശേഖരവും ലഹരി വസ്തുക്കളും പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായവർക്കെതിരെ യുഎപിഎ പ്രകാരമാണ് കേസ് എടുത്തിരുന്നത്. ഇന്ന് അറസ്റ്റിലായവർക്കെതിരെയും കർശന വകുപ്പുകൾ ചുമത്തും.
Discussion about this post