പാലക്കാട്: പാടൂരിൽ വേലയ്ക്കിടെ ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്ന് വ്യക്തമാക്കി ക്ഷേത്ര ഭരണ സമിതി. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മനപ്പൂർവ്വം ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത് എന്നും ക്ഷേത്ര ഭരണ സമിതി വ്യക്തമാക്കി.
ഉത്സവത്തിനിടെ എഴുന്നളളിപ്പിന് ഉണ്ടായിരുന്ന മറ്റൊരു ആനയാണ് ഇടഞ്ഞത്. ഇതോടെ ആളുകൾ ചിതറിയോടി. ഇതിനിടെ പാപ്പാൻ നിലത്ത് വീണു. ആനയുടെ ആക്രമണത്തിൽ അല്ല മറിച്ച് ആളുകളുടെ ചവിട്ടേറ്റ് ആണ് പാപ്പാന് പരിക്കേറ്റത്. അദ്ദേഹത്തെ അപ്പോൾ തന്നെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സ നൽകി. നിസ്സാര പരിക്കുകൾ മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ രാത്രി തന്നെ പാപ്പാനെ ഡിസ്ചാർജ് ചെയ്തു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞെന്നാണ് മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്ത. ഇതിന് പിന്നാലെ ആനയെ എഴുന്നള്ളത്തിന് കൊണ്ടുവരുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് സത്യാവസ്ഥ വിശദമാക്കി ക്ഷേത്ര ഭരണ സമിതി രംഗത്ത് എത്തിയത്.
ഇന്നലെ രാത്രിയോടെയായിരുന്നു ആന ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിന് ശേഷമായിരുന്നു ആന അസ്വസ്ഥതകൾ പ്രകടമാക്കിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറകിലായിട്ടായിരുന്നു ഇടഞ്ഞ ആന നിന്നിരുന്നത്. ഈ ആന ചിന്നം വിളിച്ചതോടെ ഭയന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടുകയായിരുന്നു. ഇത് കണ്ട് നാട്ടുകാരും ഭയന്നോടി.
Discussion about this post