ഹൈദരാബാദ്: ഐപിഎൽ 2023 ൽ മികച്ച തുടക്കവുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഹൈദരാബാദ് സൺറൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ 72 റൺസിനാണ് രാജസ്ഥാൻ ആധികാരിക ജയം സ്വന്തമാക്കിയത്.
ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ മൂന്ന് മുൻനിര ബാറ്റർമാർ അർദ്ധസെഞ്ചുറികൾ നേടിയപ്പോൾ രാജസ്ഥാന്റെ സ്‌കോർ 200 കടന്നു. ജെയ്‌സ്വാൾ -ഓപ്പണിങ് കൂട്ടുകെട്ട് ഉജ്ജ്വല തുടക്കമാണ് രാജസ്ഥാന് നൽകിയത്. ജയ്‌സ്വാൾ 37 പന്തിൽ നിന്ന് 54 റൺസും ജോസ് ബട്‌ലർ 22 പന്തിൽ നിന്ന് 54 റൺസുമെടുത്തു. മൂന്നാം വിക്കറ്റിൽ ഇറങ്ങിയ സഞ്ജു സാംസൺ 32 പന്തിൽ നിന്നാണ് 55 റൺസെടുത്തത്.
ഷിംറോൺ ഹെറ്റ്‌മെയർ പുറത്താകാതെ 22 റൺസും നേടി. 20 ഓവറിൽ അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തിൽ 203 റൺസ് രാജസ്ഥാൻ നേടിയിരുന്നു. സൺറൈസേഴ്‌സിന് വേണ്ടി ഫസൽഹഖ് ഫറൂഖിയും നടരാജനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൺറൈസേഴ്‌സിന് ഓപ്പണർ അഭിഷേക് ശർമ്മയെ ആദ്യം തന്നെ നഷ്ടമായി. ക്രീസിൽ നിലയുറപ്പിച്ച മായങ്ക് അഗർവാൾ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചന നൽകിയെങ്കിലും 23 പന്തിൽ നിന്ന് 27 റൺസെടുത്ത് നിൽക്കവേ ബട്‌ലർക്ക് പിടികൊടുത്ത് മടങ്ങി. രാഹുൽ ത്രിപാഠിക്കും റണ്ണൊന്നും എടുക്കാനായില്ല.
ഹാരി ബ്രൂക്ക് 13 റൺസും അബ്ദുൾ സമദ് പുറത്താകാതെ 32 റൺസും ആദിൽ റഷീദ് 18 റൺസും ഉമ്രാൻ മാലിക് പുറത്താകാതെ 19 റൺസും എടുത്തത് ഒഴിച്ചാൽ സൺറൈസേഴ്‌സ് നിരയിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ നേടിയ യുസ് വേന്ദ്ര ചഹലിന്റെ പ്രകടനമാണ് സൺറൈസേഴ്‌സിനെ പാടേ തകർത്തത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബൗൾട്ട് രണ്ട് വിക്കറ്റുകളും ജാസൺ ഹോൾഡറും രവിചന്ദ്രൻ അശ്വിനും ഓരോ വിക്കറ്റുകളും വീഴ്ത്തി.
Discussion about this post