മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പച്ച പെയിന്റ് മായ്ച്ചു തുടങ്ങി. സംഭവത്തിൽ വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പെയിന്റ് മായ്ക്കാൻ ആരംഭിച്ചത്. പച്ചയ്ക്ക് പകരം ഇളം മഞ്ഞ നിറത്തിലുള്ള പെയിന്റാണ് അടിയ്ക്കുന്നത്.
പൂരത്തോട് അനുബന്ധിച്ച് നടത്തിയ നവീകരണത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ പച്ച പെയിന്റ് അടിച്ചത്. ക്ഷേത്രങ്ങളിൽ ഈ നിറം അടിക്കാറില്ല. മസ്ജിദുകളിലാണ് ഈ നിറം അടിക്കാറുള്ളത്. പച്ചയും വെള്ളയും ഇടവിട്ട് മസ്ജിദുകളിൽ അടിക്കുന്ന അതേ രീതിയിൽ തന്നെയാണ് ക്ഷേത്രത്തിലും അടിച്ചത്. എന്നാൽ ഇത് കണ്ടതോടെ വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.
ഹിന്ദു ഐക്യവേദിയുൾപ്പെടെയുള്ള ഹിന്ദു സംഘടനകളും വിഷയം ഏറ്റെടുത്തു. ക്ഷേത്രം അധികൃതർ പെയിന്റ് മാറ്റിയില്ലെങ്കിൽ തങ്ങൾ മുൻകയ്യെടുത്ത് പെയിന്റടിയ്ക്കും എന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ മുന്നറിയിപ്പ്. ഇതിന് തൊട്ടുപിന്നാലെ ക്ഷേത്രത്തിലെ പച്ചയ്ക്ക് പകരം മഞ്ഞനിറം അടിക്കുകയായിരുന്നു.
കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ അതീവ പ്രധാന്യമുള്ള മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്ര കമ്മിറ്റിയിലെ അംഗങ്ങൾ സിപിഎം പ്രവർത്തകരാണ്. ഇവരുടെ ഇടപെടലിനെ തുടർന്നാണ് ക്ഷേത്രത്തിൽ പച്ചനിറം അടിച്ചതെന്നാണ് സൂചന.
Discussion about this post