കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ പടർന്ന വിഷപ്പുകയിൽ ഭരണകൂടത്തെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാനും വീഴ്ചകളിൽ പ്രതിഷേധം പ്രകടിപ്പിക്കാനും മറൈൻഡ്രൈവിൽ പ്രതിഷേധജാഥ. കൊച്ചി കാൺട് ബ്രീത്ത് ടീം (KochiCantBreathe Team) ആണ് ജാഥ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 6.30 ന് മറൈൻ ഡ്രൈവിന്റെ നോർത്ത് എൻഡിൽ (ഹൈക്കോടതി ഭാഗം) നിന്നും മേനക വരെയാണ് പ്രതിഷേധജാഥ.
മൊബൈലിൽ ഫ്‌ലാഷ് തെളിച്ചാകും പ്രതിഷേധ ജാഥ നടത്തുക. ജാഥയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്‌ക് വെക്കണമെന്ന് സംഘാടകർ ആവശ്യപ്പെടുന്നു. ആരാണ് ഉത്തരവാദി എന്ന് ചോദിക്കേണ്ട സമയമല്ല, എന്താണ് ഇത് അണയ്ക്കാൻ ഉള്ള പോംവഴി എന്നതാണ് ആശയമെന്ന് പരിപാടിയുടെ അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
8 മണിയോടെ ജാഥ തുടങ്ങിയ സ്ഥലത്തു തന്നെ തിരികെയെത്തി അവസാനിക്കും. വെളിച്ചം കാണിച്ചുള്ള പ്രകടനം നമ്മളിലേക്ക് വെളിച്ചം കയറാനും, കഴിഞ്ഞ 10 ദിവസത്തോളമായി പുകയുന്ന മാലിന്യം കണ്ടിട്ടും വേണ്ട നടപടികൾ എടുക്കാത്തവർക്ക് ശരിയായ മാർഗം കാണിക്കാനുമാണ് ലക്ഷ്യം വെക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
വിദ്യാർത്ഥികൾ, ടെക്കികൾ, ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള ജനങ്ങൾ പ്രതിഷേധത്തിൽ അണിചേരും. പ്രതിഷേധത്തോടൊപ്പം ഇൻഫോപാർക്ക് സിഇഒയുമായും എറണാകുളം ജില്ലാ കളക്ടറുമായും സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. ജില്ലാ ഭരണകൂടം, കൊച്ചി കോർപ്പറേഷൻ, മുഖ്യമന്ത്രി, ഗവർണ്ണർ, പ്രധാനമന്ത്രി രാഷ്ട്രപതി എന്നിവരുടെ ശ്രദ്ധയിലും ഈ വിഷയം എത്തിച്ചു വേഗത്തിൽ നടപടികൾ എടുക്കാൻ വേണ്ട കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് സംഘം വ്യക്തമാക്കി.
Discussion about this post