ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീം സൈനിക തൊപ്പിയണിഞ്ഞ് കളിച്ചതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട പാക്കിസ്ഥാന് തിരിച്ചടി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരവ് നല്‍കുന്നതിന് വേണ്ടി സൈനിക തൊപ്പിയണിയുന്നതിന് മുന്‍പ് ഐ.സി.സി.യില്‍ നിന്നും അനുവാദം മേടിച്ചിരുന്നുവെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. മത്സരത്തിന്റെ പ്രതിഫലം വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഐ.സി.സി സി.ഇ.ഒ ഡേവ് റിച്ചാര്‍ഡ്സണിന്റെ പക്കല്‍ നിന്നും ഇതിന് വേണ്ട അനുവാദം മേടിച്ചിരുന്നുവെന്ന് ഐ.സി.സി തന്നെ വ്യക്തമാക്കി. ഇതിന് മുന്‍പും സമാനമായ രീതിയിലുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഐ.സി.സി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടത്. ഐ.സി.സി ഇതിനെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഇതിനെതിരെ പരാതി നല്‍കണമെന്ന് മറ്റൊരു മന്ത്രിയായ ഫവദ് ചൗധരിയും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇരു ടീമുകളുടെയും നായകന്മാര് ഖാദിയില്‍ നിര്‍മ്മിച്ച വസ്ത്രം ധരിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇന്ത്യയുടെ സൈനികര്‍ വഹിച്ച പങ്ക് ഓര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കൂടാതെ പുതുവര്‍ഷ ദിനത്തില്‍ സിഡ്നിയില്‍ നടന്ന മത്സരം ‘പിങ്ക് ടെസ്റ്റ്’ എന്നായിരുന്ന അറിയപ്പെട്ടത്. സ്തനാര്‍ബുദ ബോധവത്കരണത്തിന് വേണ്ടി പിങ്ക് നിറത്തിലുള്ള കൈയ്യുറ ധരിച്ചായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മത്സരത്തിനിറങ്ങിയത്.
Discussion about this post