കൊച്ചി: കേരളത്തിലെ സ്വർക്കടത്തിന്റെ പ്രായോജകരും ഗുണഭോക്താക്കളും തീവ്രവാദ സംഘടനകളാണെന്ന ആരോപണം ശക്തമാകുന്നു. ഇവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് സ്വർണ്ണക്കടത്താണെന്നും അതിനായി അവർ പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ടെന്നും നേരത്തെ തന്നെ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക റിപ്പോർട്ട് സംസ്ഥാന പൊലീസ് എൻ ഐ എക്ക് കൈമാറി.
കേരളത്തിലെ സ്വർണ്ണക്കടത്തിന്റെ പ്രധാന കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണെന്ന് സംസ്ഥാന പൊലീസ് എൻ ഐ എക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. അഞ്ചു വർഷത്തിനിടെ നടന്ന സ്വർണ കടത്തുകൾ കേന്ദ്രീകരിച്ചു രഹസ്യാനേഷണ വിഭാഗം നൽകിയ റിപ്പോർട്ടുകൾ ക്രോഡീകരിച്ചാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പകുതിയിലേറെ കേസിന്റെയും കണ്ണികൾ കൊടുവള്ളിയിലാണ്. ഒരു വർഷത്തിനിടെ 100 കിലോയിലേറെ സ്വർണമാണു കൊടുവള്ളിയിലേക്കു കടത്തിയത്. സ്ത്രീകളെയും കുട്ടികളെയും സ്വർണം കടത്താൻ റിക്രൂട്ട് ചെയ്യുന്നുണ്ട്. അരപ്പട്ടയിലും ബാഗിലും പഴ്സിലും മുതൽ മലദ്വാരത്തിലും വൻകുടലിലും ജനനേന്ദ്രിയത്തിലും വരെ ഒളിപ്പിച്ചാണ് ഇവർ കള്ളക്കടത്ത് നടത്തുന്നതെന്ന് നേരത്തെ വിവരങ്ങൾ നിലവിലുണ്ടായിരുന്നു. ഇതിന്റെ പിന്നിൽ തീവ്രസ്വഭാവമുള്ള ചില സംഘടനകളാണന്ന് റിപ്പോർട്ടിൽ പറയുന്നു.
നിരവധി സ്വർണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് നൂറോളം പേരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് കേരള പൊലീസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയിരിക്കുന്നതെന്നാണ് വിവരം.
അതേസമയം തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നിർണ്ണായകമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ബെംഗളൂരുവില്‍ അറസ്റ്റിലായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും എന്‍ഐഎ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരില്‍നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഫോണുകള്‍ അടക്കമുള്ളവയുടെ ശാസ്ത്രീയ പരിശോധനയിലൂടെ കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ട് നീങ്ങുക.
അതിനിടെ കേസിലെ മൂന്നാം പ്രതി ഫാസിൽ ഫരീദിനെ നാട്ടിലെത്തിക്കാന്‍ അന്വേഷണ ഏജൻസികൾ നീക്കം ശക്തമാക്കി. ഫാസിൽ ഫരീദിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. റമീസിന്റെയും ജലാലിന്റെയും പങ്കും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ഫാസിൽ ഫരീദിനെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടുന്നതടക്കമുള്ള കാര്യങ്ങൾ എൻ ഐ എയുടെ പരിഗണനയിലുണ്ട്.
Discussion about this post