തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനോട് മൊഴിയെടുപ്പിന് ഹാജരാകാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. ശിവശങ്കറിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിൽ നേരിട്ട് എത്തിയാണ് കസ്റ്റംസ് ഡി ആർ ഐ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകാനെത്തിയ സമയത്ത് ശിവശങ്കർ വീട്ടിലുണ്ടായിരുന്നു എന്നാണ് വിവരം. നോട്ടീസ് നൽകി നിമിഷങ്ങൾക്കകം ഉദ്യോഗസ്ഥർ മടങ്ങി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ആരും പ്രതികരിച്ചില്ല.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ശിവശങ്കറിനുള്ള ബന്ധം നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നിലവിൽ നടക്കുന്നത്. സൗഹൃദത്തിന്റെ മറവിൽ കുറ്റകൃത്യവുമായി ശിവശങ്കറിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.
Discussion about this post