തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൂടുതൽ കുരുക്കിലേക്ക്. ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം എൻ ഐ എ വ്യക്തമാക്കി. ഇയാളെ വീണ്ടും എൻ ഐ എ ചോദ്യം ചെയ്യും.
അതിനിടെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിനും എൻ ഐഎയ്ക്കും പിന്നാലെ എൻഫോഴ്സ്മെന്‍റും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. സ്വർണ്ണക്കടത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് കസ്റ്റംസിനോടും എൻഐഎയോടും എം ശിവശങ്കര്‍ പറഞ്ഞത്. പ്രതികളുമായുള്ള ബന്ധവും ശിവശങ്കർ നിഷേധിച്ചു. എന്നാൽ പ്രതികളുടെ മൊഴി ശിവശങ്കറിന് എതിരാണ് എന്നാണ് സൂചന.
പ്രതികളെ രക്ഷിക്കുന്നതിന് പുറമെ പിടിച്ചുവെച്ച സ്വർണം വിട്ടുകിട്ടാനും ശിവശങ്കർ ഇടപെടൽ നടത്തിയെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്ന സുരേഷിന്റെ ടെലിഗ്രാം ചാറ്റുകൾ എൻ ഐ എ വീണ്ടെടുത്തിരുന്നു. ഇടപാടിൽ ശിവശങ്കറിന്റെ പങ്ക് ബോദ്ധ്യമായാൽ കേന്ദ്ര ഏജൻസികൾ അറസ്റ്റിലേക്ക് നീങ്ങും. ഇതിനായി സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നടപടി എൻ ഐ എ ആരംഭിച്ചു കഴിഞ്ഞു.
Discussion about this post