ജാവ: കൊവിഡ് രോഗവ്യാപനം ലോകത്തെയാകെ പ്രതിസന്ധിയിലാക്കുമ്പോഴും മാസ്ക് ധരിക്കാൻ കൂട്ടാക്കാത്ത നിരവധി പേർ നമുക്കിടയിലും ഉണ്ടാകും. ഇത്തരം ആളുകൾക്ക് പ്രത്യേക ശിക്ഷ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യ.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കൊണ്ട് കൊവിഡ് ബാധിച്ച് മരിച്ചവർക്കായി ശവക്കുഴി തയ്യാറാക്കിക്കുകയാണ് ഇന്തോനേഷ്യൻ സർക്കാർ. നിയമലംഘകർക്ക് ഒരേ സമയം ശിക്ഷയും പ്രതീകാത്മക ഉപദേശവും ആവുകയാണ് സർക്കാരിന്റെ ഈ നടപടി.
കിഴക്കൻ ജാവയിലെ ഒരു ഹോട്ടലിന് സമീപത്ത് നിന്നും മാസ്ക് ധരിക്കാതെ പൊലീസിന്റെ മുന്നിൽ പെട്ട എട്ട് യുവാക്കളാണ് പുതിയ ശിക്ഷാരീതിക്ക് വഴി വെച്ചത്. പിഴയൊടുക്കാൻ പറഞ്ഞപ്പോൾ പണമില്ലെന്ന് പറഞ്ഞ ഇവരെ പൊലീസ് തൊട്ടടുത്ത് മൃതദേഹങ്ങൾ മറവു ചെയ്യുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ മൃതദേഹങ്ങൾ മറവു ചെയ്യാൻ കുഴിയെടുക്കുന്നവരെ സഹായിക്കാൻ ഇവരോട് നിർദ്ദേശിക്കുകയായിരുന്നു.
ജോലി ഭാരം മൂലം ക്ഷീണിതരായിരുന്ന തൊഴിലാളികൾ ചുറുചുറുക്കുള്ള യുവാക്കളെ സഹായത്തിന് കിട്ടിയതോടെ ഉത്സുകരായി. ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയ പൊലീസ് ഇവ ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് ഈ ശിക്ഷാവിധി പരസ്യമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
അതേസമയം ഇന്തോനേഷ്യയിൽ കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഈ വർഷം രാജ്യത്ത് ഇതേവരെ 2.21 ലക്ഷം പേർ രോഗബാധിതരായി. പതിനായിരത്തോളം പേർ മരിച്ചു.
Discussion about this post