കോഴിക്കോട്: നാട്ടിൻപുറത്തിന്റെ നന്മകളുടെ കരുതലിൽ ലഭിച്ച പുതുജീവൻ അല്പായുസായി. ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ആനയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചിരുന്നുവെങ്കിലും അവശനായ ആന സമീപത്ത് കുഴഞ്ഞു വീഴുകയായിരുന്നു. നിർജ്ജലീകരണം മൂലമാകാം ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം.
കിണറ്റിന്‍ നിന്ന് പുറത്തെത്തിച്ച ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് ആന കിണറ്റിൽ വീണത്. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തിയായിരുന്നു നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. കിണറ്റിൽ വീണ് മൂന്ന് ദിവസം ആന ഒരേ നിൽപ്പിൽ നിന്നിരുന്നു. അതിന് ശേഷമായിരുന്നു ആന സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്.
ആനയെ രക്ഷിക്കാന്‍ നാട്ടുകാർ എല്ലാ ശ്രമവും നടത്തിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർ കിണറ്റിന് സമീപത്ത് വന്ന് ആനയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വനഭൂമിയോട് ചേര്‍ന്നാണ് കിണർ എന്നതിനാലാണ് ആന വീണ വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ പെടാൻ വൈകിയത്.
Discussion about this post