ഇരിട്ടി: നാടയിൽ പോലും രാഷ്ട്രീയം കണ്ടെത്തി കേരളം. നാട കൃത്യമായ രാഷ്ട്രീയം കൂടി പറയുന്നുണ്ടെന്നാണ് പഴശ്ശി മിനി ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് വ്യക്തമാക്കുന്നത്. കാവി നാട മാറ്റി ചുവപ്പ് തേടിയുള്ള പരക്കം പാച്ചില്‍ സൂചിപ്പിക്കുന്നത് ഈ രാഷ്ട്രീയം തന്നെ. മന്ത്രിമാരായ ഇ.പി. ജയരാജനും എം.എം. മണിയും പങ്കെടുത്ത ചടങ്ങിലാണ് നാടയുടെ നിറം പൊല്ലാപ്പായത്.
തറക്കല്ലിട്ടശേഷം പദ്ധതിയുടെ തുരങ്കത്തിന് കുറുകെ കെട്ടിയ നാടമുറിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്ളിലേക്ക് പ്രവേശിക്കുന്നതായിരുന്നു ചടങ്ങ്. കുയിലൂര്‍ സ്‌കൂള്‍ പരിസരമായിരുന്നു ചടങ്ങിന്റെ വേദി.അതിനാല്‍ തുരങ്കത്തിനടുത്ത് ഏതാനും മാധ്യമപ്രവര്‍ത്തകരും കെ.എസ്.ഇ.ബി. ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു. തുരങ്കത്തിന് കുറുകെ കെട്ടിയ നാടയുടെ നിറം കാവിയായിരുന്നു. കരാറുകാരനാണ് നാട വാങ്ങിയത്.
കെട്ടിയത് കെ.എസ്.ഇ.ബി. ജീവനക്കാരും. മന്ത്രിമാര്‍ എത്തുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‌ക്കെ രണ്ടുപേര്‍ എത്തി കാവി നാട അഴിച്ചുമാറ്റി. തുടർന്ന് മൂന്നുമീറ്റര്‍ നീളമുള്ള തുരങ്കത്തിന് കുറുകെ കെട്ടാന്‍ പാകത്തിന് നീളമുള്ള ചുവപ്പുനാട സംഘടിപ്പിക്കാന്‍ കഴിയാതെ വന്നതോടെ മൂന്നുനാല് നാടകള്‍ ചേര്‍ത്തുകെട്ടി. എന്നിട്ടും നീളം തികഞ്ഞില്ല.
പുതിയ ചുവപ്പുനാട സംഘടിച്ച് എത്തിക്കാനും സമയമില്ല. അഴിച്ചുകളഞ്ഞ കാവിനാടയുടെ ചെറിയ ഭാഗം കൂട്ടിക്കെട്ടിയാണ് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ സൂചനയാണ് നാടയുടെ ഒരറ്റത്തെ കാവിഭാഗമെന്ന് ആരോ പറയുകയും ചെയ്തു.
Discussion about this post