തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റു പറ്റിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറ്റസമ്മതത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപള്ളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്റെ മലക്കംമറിച്ചില്‍ പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകൊണ്ടാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രന്‍ ഓരോന്നോരാന്നായി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ സർക്കാർ തയ്യാറാകുന്നില്ലെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കടകംപള്ളി ദേവസ്വം മന്ത്രി ആയതിന് ശേഷമാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല മാത്രമല്ല, ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും തകര്‍ക്കാനാണ് കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചത്. ക്ഷേത്രങ്ങള്‍ ഈ നിലയില്‍ പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളി സുരേന്ദ്രന്റെ ദുരൂഹമായ ഇടപെടല്‍ കൊണ്ടാണ്. അദ്ദേഹത്തിന്റെ കള്ളക്കരച്ചില്‍ കേരളത്തിലെ പൊതു സമൂഹം വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയുടെ കാര്യത്തിലും വിശ്വാസികളുടെ കാര്യത്തിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎം മലക്കം മറിഞ്ഞിരുന്നു. പക്ഷേ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം മാറ്റിക്കൊടുക്കാത്തത്. കടകംപള്ളി സുരേന്ദ്രന് ഒരു നിമിഷം കൊണ്ട് വിചാരിച്ചാല്‍ സാധിക്കുന്നതല്ലേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.ജനങ്ങളെ കബളിപ്പിക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. ഇത് ഒരു തരത്തിലും വിശ്വാസി സമൂഹം ചെവിക്കൊള്ളില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെ ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മതിച്ചിരുന്നു. കേസിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ നടന്ന ആചാരലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് കനത്ത തിരിച്ചടികൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശബരിമലയില്‍ യുവതി പ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി ഏറ്റു പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
‘ശബരിമല വിവാദം 2018-ലെ ഒരു പ്രത്യേക സംഭവമായിരുന്നു. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്.‘ ഇതായിരുന്നു കടകംപള്ളിയുടെ വാക്കുകൾ.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശമാണെന്നും മന്ത്രി പറഞ്ഞു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ട ഗതികേടും അദ്ദേഹത്തിന് വന്നിരുന്നു.
Discussion about this post