തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരും സിപിഎമ്മും രണ്ടു തട്ടിൽ. ശബരിമല വിഷയത്തിൽ അന്തിമ വിധി വന്നാൽ എല്ലാവരുമായും ചർച്ച ചെയ്തേ നടപടിയെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ നവോത്ഥാനം തന്നെയാണ് ലക്ഷ്യമെന്ന നിലപാടിലാണ് പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി.
ശബരിമല കേസ് നിലവില്‍ സുപ്രീം കോടതി പരിഗണനയിലാണ്. അന്തിമ വിധി വന്നാല്‍ വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയമുണ്ടെങ്കില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്ത് മാത്രമേ തുടര്‍നടപടി സ്വീകരിക്കൂവെന്നും അതുവരെ കാത്തിരിക്കുന്നതാണ് നല്ലതെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.
അതേസമയം ശബരിമലയിൽ പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്നാണ് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. ശബരിമലയില്‍ നവോത്ഥാനം തന്നെയാണ് സിപിഎം ലക്ഷ്യം. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് തനിക്കറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
ഭരണഘടന പറയുന്ന തുല്ല്യതയാണ് പാര്‍ട്ടി നയം എന്ന് യെച്ചൂരി വ്യക്തമാക്കി. ശബരിമലയില്‍ സംഭവിച്ചത് തെറ്റായി പോയെന്ന് നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിൽ വിശ്വാസികളെ സിപിഎം വഞ്ചിച്ചുവെന്ന് ബിജെപി ആരോപിച്ചു. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി എൻ എസ് എസും കോൺഗ്രസും രംഗത്ത് വന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്.
Discussion about this post