മലപ്പുറം: ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ അഹമ്മദിനെ പരിചയമുണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഷാർജാ ഷെയ്ഖുമായി അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ സ്വപ്നയുടെ മൊഴികൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീര്‍ അഹമ്മദിനെ പരിചയം ഉണ്ട്. എന്നാൽ അതിന്‍റെ പേരില്‍ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. കേരള സന്ദര്‍ശന വേളയില്‍ ഷാർജ ഷെയ്ഖുമായി ഔദ്യോഗികമായ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തെ കേരളത്തില്‍ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഏത് തരം അന്വേഷണത്തിനും തയ്യാറാണ്. എന്നാല്‍ അത് സത്യസന്ധവും നിയമപരവുമായിരിക്കണമെന്നും സ്പീക്കർ പറഞ്ഞു. അതേസമയം സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ഇടത് പക്ഷത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നാണ് സ്വപ്നയുടെ മൊഴിയിലെ വെളിപ്പെടുത്തല്‍. ഗള്‍ഫില്‍ മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു ശ്രമം. സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജാ ഭരണാധികാരിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു.
അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച മൊഴിയുടെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ വാട്സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, സ്പീക്കർക്കർക്ക് എതിരായുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ലഫീർ എന്ന വ്യക്തിയെ പരാമർശിച്ച് ഒരു വാട്സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് സ്പീക്കറുടെ പേര് സ്വപ്ന വെളിപ്പെടുത്തുന്നത്.
‘ലഫീർ, കിരൺ എന്നിവരെ താൻ എം.ശിവശങ്കറിനും പി.ശ്രീരാമകൃഷ്ണനും പരിചയപ്പെടുത്തിയിരുന്നു. ശ്രീരാമകൃഷ്ണന് മിഡിൽ ഈസ്റ്റ് കോളജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാൻ പദ്ധതിയുണ്ടായിരുന്നു. കോളജിന് കെട്ടിട നിർമാണത്തിനായി ഷാർജ ഭരണാധികാരിയോട് അദ്ദേഹം സൗജന്യമായി ഭൂമി അനുവദിക്കാൻ അപേക്ഷിച്ചിരുന്നു. ഷാർജയിലെ ബിസിനസ് നോക്കി നടത്തുന്നതിനായി ശിവശങ്കറും സ്പീക്കറും ഷഫീറും കിരണും തന്നോട് ഷാർജയിലേക്ക് താമസം മാറ്റാൻ ആവശ്യപ്പെട്ടിരുന്നു’ എന്നാണ് മൊഴിയിൽ സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. 2018 ഏപ്രിലിൽ ഒമാൻ സന്ദർശിച്ചപ്പോൾ ഖാലിദ് എന്നയാൾ തന്നെ സന്ദർശിച്ചിരുന്നതായും സ്വപ്ന വ്യക്തമാക്കുന്നുണ്ട്.
ഷാർജ ഭരണാധികാരി തിരുവനന്തപുരം സന്ദർശിക്കുമ്പോൾ പി.ശ്രീരാമകൃഷ്ണൻ അദ്ദേഹത്തെ നേരിട്ട് കണ്ട് കോളജിനു ഷാർജയിൽ സ്ഥലം നൽകാൻ അഭ്യർഥിക്കുകയായിരുന്നു. അദ്ദേഹം ഭൂമി നൽകാമെന്ന് വാക്കാൽ ഉറപ്പു നൽകിയതായും മൊഴിയിലുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച. മിഡിൽ ഈസ്റ്റിൽ എന്തു താൽപര്യമാണ് പി. ശ്രീരാമകൃഷ്ണനുള്ളത് എന്ന ചോദ്യത്തിനു മറുപടിയായാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്.
Discussion about this post