കോഴിക്കോട്: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരു ജഡ്ജിക്ക് ശമ്പളം നല്കാമെന്നല്ലാതെ ജുഡീഷല്‍ അന്വേഷണംകൊണ്ട് മറ്റു കാര്യമൊന്നുമില്ല. ഒരു ചുക്കിനെയും പേടിയില്ലെങ്കില്‍ എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ശുദ്ധതെമ്മാടിത്തരം എന്ന തോമസ് ഐസക്കിന്റെ പദ പ്രയോഗങ്ങളില്‍ അദ്ഭുതമില്ല. കിഫ്ബിയിലെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്കില്ലാത്ത പരാതി മന്ത്രി തോമസ് ഐസക്കിന് ഉണ്ടെങ്കില്‍ എന്തോ മറിച്ചുവയ്ക്കാനുണ്ട്. തെറ്റ് ചെയ്തില്ലെങ്കില്‍ ഐസക്കിന് എന്തിനാണ് പരിഭ്രാന്തിയെന്നും വി മുരളീധരൻ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കരുതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി ഇത് ചെയ്യുന്നതെങ്കില്‍ അദേഹം കൂടുതല്‍ ദുരന്തകഥാപാത്രമായി മാറുമെന്നും മുഖ്യമന്ത്രി സ്വയം കോമാളി വേഷം കെട്ടരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യത്തെ ഭരണഘടനയെ തകര്‍ത്തുകളയാം എന്ന് കരുതുന്നത് അപഹാസ്യമാണെന്നും അമിതാധികാര പ്രയോഗമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് വിയോജിപ്പുണ്ടെങ്കില്‍ കോടതിയില്‍ പോവുകയാണ് വേണ്ടതെന്നും, രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post