തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ വീണ്ടും കുരുക്കിൽ. ഇഡിക്കെതിരെ സന്ദീപോ താനോ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടില്ലെന്ന് സന്ദീപിന്റെ അഭിഭാഷക സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. താൻ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം തെറ്റാണെന്ന് സന്ദീപിന്റെ അഭിഭാഷക പി വി വിജയം വെളിപ്പെടുത്തിയതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു.
കോടതിക്ക് മാത്രമാണ് സന്ദീപ് നായർ പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. നൽകാത്ത പരാതിയിൽ എങ്ങനെ ക്രൈം ബ്രാഞ്ചിനു കേസെടുക്കാൻ കഴിയുമെന്നാണ് അഭിഭാഷക ചോദിക്കുന്നത്.
മാർച്ച് 5 ന് എറണാകുളം സിജെഎമ്മിനാണ് സന്ദീപ് കത്തയച്ചത്. ഇതിനെക്കുറിച്ചുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ലെന്ന് സന്ദീപിന്റെ അഭിഭാഷക വ്യക്തമാക്കിയതോടെ സർക്കാർ കുരുക്കിലായി. സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസെടുക്കുന്നതെന്നായിരുന്നു ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നത്. സന്ദീപിന്റെ അഭിഭാഷക തന്നെ ഇത് നിഷേധിച്ച സാഹചര്യത്തിൽ ക്രൈം ബ്രാഞ്ചും സർക്കാരും ഇനിയെന്ത് ചെയ്യും എന്നതാണ് അടുത്ത ചോദ്യം.
Discussion about this post