തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഉത്തരവ് മറികടന്ന് സ്വകാര്യ വ്യക്തിക്ക് വേണ്ടി സർക്കാർ കുടിയൊഴിപ്പിച്ച പട്ടികജാതി കുടുംബങ്ങൾക്ക് ആശ്വാസമായി കഴക്കൂട്ടം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആറ്റിപ്രയിലെത്തിയ ശോഭാ സുരേന്ദ്രനോടാണ് സർക്കാരിന്റെ ക്രൂരതയ്ക്ക് ഇരയായ അമ്മമാർ സങ്കടത്തിന്റെ കെട്ടഴിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ യാതൊരു നടപടിയും പാടില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മറികടന്ന് കഴിഞ്ഞ ഓഗസ്റ്റ് 29ന് പുലര്‍ച്ചെ യായിരുന്നു ആറ്റിപ്രയിൽ സർക്കാർ നടപടി. വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെയാണ് ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി ഉടുതുണി മാറാന്‍ പോലും അനുവദിക്കാതെ ബലപ്രയോഗിച്ച് പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്.
കർഷക തൊഴിലാളികളും നിർമ്മാണ തൊഴിലാളികളുമടങ്ങുന്ന വലിയ ഒരു സമൂഹത്തിന്റെ മുഴുവൻ സമ്പാദ്യങ്ങളും നശിപ്പിച്ചു. വീടുകള്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. ദാഹജലംപോലും നല്‍കാതെ ഒറ്റ മുറിയില്‍ അസിസ്റ്റന്റ് കമ്മീഷണറോഫീസില്‍ 12 മണിക്കൂർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ബന്ദികളാക്കി. ഹിന്ദു ഐക്യവേദി ഇടപെട്ട ശേഷമാണ് പോലീസ് അവരെ മോചിപ്പിച്ചത്.
എല്ലു മുറിയെ പണിയെടുത്ത് കെട്ടിപ്പൊക്കിയ കൂരകൾ നിലനിന്ന സ്ഥലത്ത് ഇന്നും ഈ പാവങ്ങൾക്ക് പ്രവേശന വിലക്കാണ്. രേഖകളിൽ ഇന്നും ദേവസ്വം വക സ്ഥലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയിൽ സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണ് അന്ന് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചത്. വില്ലേജ് ഓഫീസറെ സ്വാധീനിച്ച് തന്റെ ഭൂമിയാണെന്ന് കൃത്രിമരേഖ ഉണ്ടാക്കി കോടതിയില്‍ നല്‍കി അനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നു സ്വകാര്യ വ്യക്തി. ഇതിൽ സംശയം നിലനിൽക്കുന്നതിനാൽ കുടിഒഴിപ്പിക്കരുത് എന്ന് മുന്‍സിഫ് കോടതിയും ഉത്തരവിട്ടിരുന്നു. ഇത് പോലീസിനെ ബോദ്ധ്യപ്പെടുത്തിയിട്ടും നടപടിയുമായി അവർ മുന്നോട്ട് പോകുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം നേതാക്കളുടെയും ഒത്താശയോടെയായിരുന്നു പൊലീസ് പാവങ്ങളുടെ കൃഷിയും കുടിലുകളും സ്വപ്നങ്ങളും ചവിട്ടി അരച്ചത്.
സംഭവത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ഒരുമാസത്തോളം ആറ്റിപ്ര വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹാരസത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരങ്ങൾ നടത്തിയിരുന്നു. ആ ഓർമ്മയിൽ തന്റെ മുന്നിൽ വന്ന് തേങ്ങിയ അമ്മമാരോടുള്ള ശോഭ സുരേന്ദ്രന്റെ മറുപടി ഇപ്രകാരമായിരുന്നു; “’തിരിച്ചുപിടിക്കും ആ ഭൂമി… ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല ഒരിടത്തും ഈ ക്രൂരത.’
ഇവര്‍ക്കുവേണ്ടി മാത്രമല്ല കിടപ്പാടം നഷ്ടപ്പെട്ട കേറിത്താമസിക്കാന്‍ കൊച്ചു കൂര പോലും സ്വന്തമായി ഇല്ലാത്ത എല്ലാവർക്കും വേണ്ടിയായിരിക്കും തന്റെ മുഴുവന്‍ പരിശ്രമവുമെന്നും ശോഭാ സുരേന്ദ്രൻ കോളനിവാസികൾക്ക് ഉറപ്പ് നൽകി.
Discussion about this post