ഇന്ത്യൻ നാവികസേനയുടെ ശേഖരത്തിലേക്ക് രണ്ട് യുദ്ധക്കപ്പലുകൾ കൂടി ഒരുങ്ങുന്നു. വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെ രണ്ട് യുദ്ധക്കപ്പലുകൾ ഈ വർഷം തന്നെ നാവികസേനയ്ക്ക് ലഭിയ്ക്കും. കൊച്ചിൻ ഷിപ്പ്യാർഡിലാണ് 45000ടൺ വിമാനവാഹിനിക്കപ്പലായ അത്യന്താധുനിക ഐ എൻ എസ് വിക്രാന്ത് ഒരുങ്ങുന്നത്. 7500ടൺ ഉള്ള വിശാഖപട്ടണം ക്ളാസിലുള്ള (പ്രൊജക്ട് 15B) സ്റ്റെൽത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കൂടി ഇക്കൊല്ലം അവസാനമാകുന്നതോടെ നാവികസേനയ്ക്ക് ലഭിയ്ക്കും. നിലവിൽ നാലു വിശാഖപട്ടണം ക്ളാസ് യുദ്ധക്കപ്പലുകളാണ് നാവികസേനയ്ക്കായി പദ്ധതിയുള്ളത്.
ഈ രണ്ട് യുദ്ധക്കപ്പലുകൾ കൂടിയാകുന്നതോടെ ഇൻഡോ പസഫിക് മേഖലയിൽ ഇന്ത്യയുടെ ആധിപത്യത്തിൽ വിള്ളലുണ്ടാക്കാൻ ഒരു രാജ്യത്തിനുമാകില്ല.
ചൈനീസ് അധിനിവേശ മേഖലയായ തെക്കൻ ചൈനാക്കടലിലെ ഹൈനാൻ നാവികത്താവളത്തിൽ മൂന്ന് യുദ്ധക്കപ്പലുകൾ കഴിഞ്ഞ ശനിയാഴ്ച നീറ്റിലിറക്കിയിരുന്നു.തെക്കൻ ചൈനാക്കടലിലെ ഈ നടപടി ജപ്പാനേയും മറ്റും ലക്ഷ്യം വച്ചുള്ളതാണ്. ഇന്ത്യയ്ക്ക് നേരിട്ട് വെല്ലുവിളിയല്ല അതെങ്കിലും നാം ചൈനീസ് നാവിക അധിനിവേശത്തിനെതിരേ എപ്പോഴും സജ്ജമായിരിക്കണമെന്ന് പ്രതിരോധവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഈ പുതിയ യുദ്ധക്കപ്പലുകൾ ഈ വർഷാവസാനം ലഭിക്കുമെന്നുള്ള വെളിപ്പെടുത്തൽ പ്രാധാന്യമർഹിക്കുന്നത്.
ജനറൽ ഇലക്ട്രിക് ടർബൈനുകൾ ശക്തിയേറ്റുന്ന ഐ എസ് എസ് വിക്രാന്ത് മിഗ് 29K യുദ്ധവിമാനങ്ങളേയും കാമോവ് Ka -31 ഹെലികോപ്ടറുകളേയും വഹിക്കാൻ ശേഷിയുള്ളതാണ്. ബാരാക് മിസൈലുകൾ ഉൾപ്പെടെ വഹിക്കുന്ന ഈ യുദ്ധക്കപ്പൽ 15000 കിലോമീറ്റർ ചുറ്റളവിൽ ആഘാതശേഷിയുള്ളവയാണ്. ഐ എൻ എസ് വിശാഖപട്ടണത്തിൽ ബ്രഹ്മോസ് മിസൈലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ടോർപ്പിഡോകളും അന്തർവാഹിനികളെ തകർക്കാനുള്ള മിസൈലുകളും ഇതിൽ സജ്ജമാണ്.
നിലവിൽ ഐ എൻ എസ് വിക്രമാദിത്യയാണ് ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പൽ. ഐ എസ് എസ് വിക്രാന്ത് കൂടിയാകുമ്പോൾ ഇന്ത്യയ്ക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകളാകും ഉണ്ടാകുക. ഇന്ത്യയുടെ മൂന്നാം വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിശാൽ ഇലക്ട്രോമാഗ്നറ്റിക് എയർക്രാഫ്റ്റ് ലോഞ്ചിങ്ങ് സിസ്റ്റം ഉൾപ്പെടെയുള്ള കൂറ്റൻ യുദ്ധക്കപ്പലാണ്. ഐ എൻ എസ് വിശാൽ 2030ഓടെയാകും നീറ്റിലിറക്കുക. ഈ പദ്ധതികളെല്ലാം കൊച്ചിൻ ഷിപ്‌യാർഡിൽ തന്നെയാണ് പൂർത്തിയാകുന്നത്.
Discussion about this post