ന്യൂയോര്‍ക്ക്: ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാൻസൻ്റെ സ്വപ്ന പദ്ധതിയായ വെർജിൻ ഗലാക്റ്റിക് വികസിപ്പിച്ച വിഎസ്എസ് യൂണിറ്റി പേടകത്തിന്റെ ബഹിരാകാശത്തേക്കുള്ള യാത്ര ആരംഭിച്ചു. ബഹിരാകാശ ടൂറിസത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് ഇന്ത്യൻ സമയം രാത്രി 8ന് വിഎസ്എസ് യൂണിറ്റി പേടകത്തിൽ ഇന്ത്യൻ വനിത സിരിഷ ബാൻഡ്‌ല അടക്കം ആറുപേര്‍ യാത്ര തിരിച്ചത്. ഇന്ത്യൻ സമയം 6.30ന് തുടങ്ങേണ്ട യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വൈകിയത്.
ന്യൂ മെക്സിക്കോയിൽ കമ്പനി നിര്‍മിച്ച സ്പേസ് പോര്‍ട്ട് അമേരിക്ക എന്ന ബഹിരാകാശ നിലയത്തിൽ നിന്നാണ് ആറംഗസംഘം യാത്ര തുടങ്ങിയത്. വിഎംഎസ് ഈവ് എന്ന മദര്‍ഷിപ്പിൻ്റെ സഹായത്താൽ പറന്നുയർന്ന വിഎസ്എസ് യൂണിറ്റി 50,000 അടി ഉയരത്തിൽ വെച്ച് മദര്‍ഷിപ്പിൽ നിന്ന് വേര്‍പെട്ട് പ്രൊപ്പല്ലറുകളുടെ സഹായത്തോടെയായിരിക്കും ബഹിരാകാശത്തേയ്ക്ക് തിരിക്കുക. തുടർന്ന് റോക്കറ്റ് ഇന്ധനമുപയോഗിച്ച് മണിക്കൂറിൽ 6000 കി.മീ വേഗതയിലാണ് സ്പെയ്സ് പ്ലെയിൻ കുതിക്കുക. അന്തരീക്ഷത്തിന്റെ 100 മുതൽ 105 കി.മീ വരെ ഉയരത്തിൽ സ്പെയിസ് പ്ലെയിനെത്തും. ഭൂമിയുടെ ഭ്രമണപഥത്തിലെത്താത്ത സബ് ഓർബിറ്റൽ ഫ്ലൈറ്റാണിത്. ഭ്രമണപഥത്തിലെത്തണമെങ്കില്‍ മണിക്കൂറിൽ 28,000 കി.മീ വേഗത വേണം. 100 മുതൽ 105 കി.മീ വരെ ഉയരത്തിലെത്തിയ ശേഷം 11 മിനിറ്റുകൾ അവിടെ കാഴ്ചകൾ കണ്ട ശേഷം തിരിച്ചിറങ്ങും.
ഭൂമിയുടെ ഗോളാകൃതി വ്യക്തമായി കാണുന്ന തലമാണിത്. അതിനു ശേഷം തിരികെ ഗ്ലൈഡ് ചെയ്ത് സ്പേസ് ഷട്ടിൽ ഇറങ്ങുന്ന പോലെ സ്പേസ് പ്ലെയിനിറങ്ങും. സ്പേയ്സ് പോർട്ടിലാണ് സ്പെയിസ് പ്ലെയിൻ വന്നിറങ്ങുക. ഭൂമിയിൽനിന്ന് 3 ലക്ഷം അടി വരെ ഉയരത്തിൽ വിഎസ്എസ് യൂണിറ്റി എത്തുമെന്നു കരുതുന്നു. ഈ ഘട്ടത്തിൽ യാത്രികർ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ടേക്ക് ഓഫ് മുതൽ തിരിച്ചിറക്കം വരെയുള്ള ഘട്ടങ്ങൾക്ക് പരമാവധി ഒരു മണിക്കൂറേ എടുക്കുകയുള്ളൂവെന്ന് വെർജിൻ ഗലാക്റ്റിക് അറിയിച്ചു.
യുഎസ് ശതകോടീശ്വരന്മാരായ ബെഫ് ബെസോസും ഇലോൺ മസ്കും ഉള്‍പ്പെട്ട ബഹിരാകാശ യുദ്ധത്തിലെ സുപ്രധാന അധ്യായമാണ് വിഎസ്എസ് യൂണിറ്റി 22 ദൗത്യം. ഭൂമിയിൽനിന്ന് 3 ലക്ഷം അടി വരെ ഉയരത്തിൽ വിഎസ്എസ് യൂണിറ്റി എത്തുമെന്നു കരുതുന്നു. ഈ ഘട്ടത്തിൽ യാത്രികർ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ടേക്ക് ഓഫ് മുതൽ തിരിച്ചിറക്കം വരെയുള്ള ഘട്ടങ്ങൾക്ക് പരമാവധി ഒരു മണിക്കൂറേ എടുക്കുകയുള്ളൂവെന്ന് വെർജിൻ ഗലാക്റ്റിക് അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥരായ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെനറ്റ്, ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ല എന്നിവരാണ് ബ്രാൻസനു പുറമേ യാത്രസംഘത്തിൽ ഉൾപ്പെടുന്നത്. ഇതോടെ ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ ബാൻഡ്‌ല യാത്ര വിജയിച്ചാൽ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാകും. 34കാരിയായ സിരിഷ ജനിച്ചത് ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലാണെങ്കിലും വളര്‍ന്നത് അമേരിക്കയിലാണ്. എല്ലാവര്‍ക്കും ബഹിരാകാശ യാത്ര സാധ്യമാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ദൗത്യത്തിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും സിരിഷ ട്വീറ്റ് ചെയ്തു. ഫ്ലോറിഡ സര്‍വകാലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തിൻ്റെ ഭാഗമായ ചില പരീക്ഷണങ്ങളാണ് ദൗത്യത്തിൽ സിരിഷയുടെ ജോലി.
Discussion about this post