ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ കോൺഗ്രസിന്റെ കടന്നാക്രമണം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിയുടെ വളർച്ചയോടെ കോൺഗ്രസിന് ഉത്തരേന്ത്യയിൽ അടിത്തറ നഷ്ടമായിരിക്കുകയാണ്. തിരിച്ചു വരവിന്റെ ഒരു ലക്ഷണവും പാർട്ടി എവിടെയും കാണിക്കുന്നില്ല. ഇപ്പോഴത്തെ പടുകുഴിയിൽ നിന്ന് കരകയറാൻ ക്രിയാത്മകമായ ഒരു നടപടിയും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
പാർട്ടിക്ക് പിന്നീട് സ്വാധീനമുണ്ടായിരുന്ന കർണാടകയും ബിജെപി കൊണ്ടു പോയി. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ അഭയം പ്രാപിച്ചിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ്. ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ ഭരണം ലഭിച്ചിരുന്ന കേരളം മാത്രമായിരുന്നു അവസാന പ്രതീക്ഷ. ഭരണത്തുടർച്ച നേടി ഇടത് പക്ഷവും കോൺഗ്രസിന് തിരിച്ചടി നൽകി.
കേരളത്തിൽ ബിജെപി ചുവടുറപ്പിക്കാത്തതിന്റെ കാരണങ്ങൾ കൃത്യമായി വിശകലനം ചെയ്താണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയത്. അമേത്തിയിലെ പരാജയത്തിന്റെ ജാള്യത മറയ്ക്കാൻ ഒരു പരിധിവരെ വയനാട്ടിലെ വിജയം സഹായിച്ചു.
എന്നാൽ കോൺഗ്രസിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ ഫലങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായത്. ശബരിമല തരംഗത്തിന്റെ പേരിലുണ്ടായ ഭൂരിപക്ഷ ഏകീകരണം പതിവ് പോലെ ആവിയായി. ഹിന്ദു വോട്ടുകൾക്ക് കോൺഗ്രസിന് പുറമെ ബിജെപിക്കും അവകാശം ലഭിച്ചു. ഈ അവസരം സമർഥമായി മുതലാക്കിയ ഇടത് പക്ഷം ന്യൂനപക്ഷത്തിന്റെ സഹജമായ മോദി വിരുദ്ധതയും തീവ്രചിന്താഗതിക്കാരുടെ ഹിന്ദു വിരുദ്ധതയും ഏകീകരിച്ചു. കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി മലബാർ മേഖലയിൽ പോലും അവർ വിജയം കൊയ്തു.
ഈ സാഹചര്യത്തിൽ കേരളത്തിൽ തിരിച്ചുവരാൻ മുസ്ലീം ധ്രുവീകരണം എന്ന ഇടത് നയം തന്നെ ഉപയോഗിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമാണ് ഹിന്ദുത്വത്തിനെതിരായ സൽമാൻ ഖുർഷിദിന്റെ പുസ്തകം വിവാദമായതും ഹിന്ദുത്വത്തിൽ നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്ത് വന്നതും. മൃദുഹിന്ദുത്വ പാർട്ടി എന്ന ഇടത് നിർവചനം ഒഴിവാക്കനുള്ള കോൺഗ്രസ് പദ്ധതിയുടെ ഭാഗമാണ് ഇത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
എന്നാൽ കോൺഗ്രസിന്റെ ഈ നയം ഭാവിയിൽ അവർക്ക് തന്നെ നാശമാകുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന്റെ തന്ത്രം വിജയിച്ചാൽ ന്യൂനപക്ഷ വോട്ട് ബാങ്ക് വിഭജിക്കപ്പെടും. അത് ഇടത് പക്ഷത്തിനും ക്ഷീണമാകും. ഈ അവസരം ബിജെപി സമർത്ഥമായി വിനിയോഗിച്ചാൽ വരുന്ന ഒരു ദശാബ്ദത്തിനുള്ളിൽ കോൺഗ്രസ് കേരളത്തിലും ചാരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Discussion about this post