പാലക്കാട്: കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് വിവരം പുറത്തുവിട്ടത്. ഇവർ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. ഇവരെ ഇവിടെ നിന്ന് മാറ്റിയേക്കുമെന്നാണ് വിവരം.
ഇന്ന് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയത് അഞ്ചംഗ സംഘമാണ്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്. ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
അതേസമയം ഇന്നലെ ഒരു കൊലപാതകം നടന്നിട്ടും പൊലീസ് തണുപ്പൻ നയം സ്വീകരിച്ചതാണ് ഇന്ന് രണ്ടാമത്തെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിമർശനം പൊതുവിലുണ്ട്. ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍റെ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.
പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു. അക്രമം തടയാന്‍ പൊലീസിനായില്ലെന്നും കൊലയാളി സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.
Discussion about this post