തിരുവനന്തപുരം: കലോത്സവ വേദികളിൽ ഇനി ഭക്ഷണം പാകം ചെയ്ത് വിളമ്പില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ വീണ്ടും കുറിപ്പുമായി മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാർ. പഴയിടത്തിന്റെ അദ്ധ്വാനത്തെയും പ്രാവീണ്യത്തെയും മാനിക്കുന്നയാളാണ് താനെന്ന് അരുൺ കുമാർ പറഞ്ഞു. തുടർന്നും കലോത്സവ ടെൻഡറിംഗിൽ പങ്കെടുക്കണമെന്ന ആവശ്യവും സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയപ്പെട്ട പഴയിടം
അങ്ങ് ഇനിയും കലോത്സവ ടെൻഡറിംഗിൽ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു. വെജിറ്റേറിയൻ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. നോൺവെജ് മെനു ആണെങ്കിൽ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും ടെൻഡർ കൊടുക്കണം. അതൊരു ‘ബ്രാൻഡിംഗ് ‘ ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്.
ആശയങ്ങളെ ആളുകളിൽ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാൽ ഹിന്ദുക്കൾക്കെതിരെ എന്ന നരേഷൻ ഫാസിസ്റ്റു യുക്തിയാണ്. കല സമം വെജിറ്റേറിയൻ എന്ന ശുദ്ധി സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ ( പിയർ ബോർദ്രുന്റെ ഭാഷയിൽ റീഃമ, ഗ്രാംഷിയുടെ ഭാഷയിൽ സാമാന്യബോധം) വിമർശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്. 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും. നല്ല നിലയിൽ സതി അനുഷ്ഠിച്ചതിൽ നിന്ന്, തൊട്ടുകൂടായ്മയിൽ നിന്ന്, ജാതി അടിമത്തത്തിൽ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യർ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി.
വിജയൻ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം.
NB : മുന്നു വർഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികൾഅവർക്കാഗ്രഹമുള്ളിടത്തോളം നോൺ വെജ് ആയി തുടരും, ഞാനും.
Discussion about this post