കൊച്ചി: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിനെത്തിയ പോലീസിനെ വെട്ടിച്ച് വ്യവസായി പ്രവീൺ റാണ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് നാടകീയമായി മുങ്ങി. ഇന്ന് പുലർച്ചെ തൃശൂരിൽ നിന്നുള്ള പോലീസ് സംഘം എത്തിയപ്പോഴാണ് ചെലവന്നൂരിലെ കായലോരത്തുള്ള ഫ്‌ളാറ്റിൽ നിന്നാണ് ഇയാൾ രക്ഷപെട്ടത്. പോലീസ് മുകളിലേക്ക് കയറുമ്പോൾ മറ്റൊരു ലിഫ്റ്റിൽ ഇയാൾ താഴേക്ക് ഇറങ്ങി രക്ഷപെടുകയായിരുന്നു.
തൃശൂർ ഭാഗത്തേക്കാണ് വാഹനം പോയതെന്ന വിവരം ലഭിച്ചതിന് പിന്നാലെ ചാലക്കുടിയിൽ വച്ച് പോലീസ് സംഘം ഇയാളുടെ വാഹനം തടഞ്ഞ് പരിശോധിച്ചിരുന്നു. എന്നാൽ പ്രവീൺ റാണ വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഇയാൾ അങ്കമാലിയിൽ ഇറങ്ങിയെന്നാണ് വിവരം. അതേസമയം പ്രവീൺ റാണയുടെ നാല് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ആഡംബര കാറുകൾ ഉൾപ്പെടെയാണിത്. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. രാജ്യം വിടാനുള്ള സാധ്യത ഉള്ളതിനാൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്.
നാല് കൊല്ലം കൊണ്ട് ഇയാൾ നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ‘സേഫ് ആൻറ് സ്‌ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും, വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്തുമാണ് നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയിൽ ചേർന്നാൽ നാൽപ്പത്തിയെട്ട് ശതമാനം പലിശയും കാലാവധി കഴിയുമ്പോൾ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് നിക്ഷേപകർ വീണത്. ആദ്യ ഘട്ടത്തിൽ കൃത്യമായ പലിശ ലഭിച്ചതോടെ കൂടുതൽ ആളുകൾ നിക്ഷേപവുമായി എത്തുകയായിരുന്നു. പിന്നീട് പണം കിട്ടാതെ വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്. തൃശൂർ ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്‌റ്റേഷനുകളിൽ മാത്രം ഇതുവരെ 18 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post