തിരുവനന്തപുരം : പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ മുൻ മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ അരുൺകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ആർഎസ്എസ് പ്രഞ്ജാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ ജെ നന്ദകുമാർ നൽകിയ പരാതിയിലാണ് നടപടി. യുജിസി ചെയർമാൻ ജഗദേഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
യുജിസി ജോയിന്റ് സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും നിർദ്ദേശം നൽകി. കേരള സർവകലാശാലയിലെ അദ്ധ്യാപകനാണ് അരുൺ കുമാർ. ഇതേ തുടർന്നാണ് അരുൺകുമാറിനെതിരെ യുജിസിയ്ക്ക് പരാതി നൽകിയത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അരുൺ കുമാറിനെതിരെ തുടർ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസമായിരുന്നു ജെ.നന്ദകുമാർ പരാതി നൽകിയത്.
അദ്ദേഹത്തിന് പുറമേ ആയിരക്കണക്കിന് പേർ ഇതിനെതിരെ യുജിസിയ്ക്ക് പരാതി മെയിൽ ചെയ്തിരുന്നു. പരാതിയിൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് യുജിസി മറുപടി മെയിൽ അയക്കുന്നതായും പരാതിക്കാർ വ്യക്തമാക്കുന്നു.
സാമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു പഴയിടത്തിനെതിരെ അരുൺ കുമാർ അധിക്ഷേപ പരാമർശവുമായി രംഗത്ത് എത്തിയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ വിഭവം വിളമ്പുന്നത് ബ്രാഹ്‌മണ മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് എന്ന തരത്തിലായിരുന്നു പരാമർശം. വിദ്യാർത്ഥികൾക്ക് മാംസാഹാരം നൽകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന് പഴയിടം വ്യക്തമാക്കിയിരുന്നു.
Discussion about this post