തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ പരാതി പ്രളയം. പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ അരുൺ കുമാറിനെതിരെ ആയിരക്കണക്കിന് പേരാണ് ഡിജിപിക്കും ഗവർണർക്കുമുൾപ്പെടെ പരാതി നൽകിയിരിക്കുന്നത്. ഓൺലൈനായി നൽകിയ പരാതികളിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
അരുണിനെതിരെ പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പരാതി അയച്ചവരെ പോലീസ് ബന്ധപ്പെടുന്നുണ്ട്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കാനാണ് ഇതെന്നാണ് വിവരം. കലോത്സവത്തിനിടെ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായി അരുൺ കുമാർ നടത്തിയ പരാമർശങ്ങൾ ജാതീയമായ അധിക്ഷേപമാണ്. ഈ പരാമർശങ്ങൾ പൊതുസമൂഹത്തിൽ വർഗീയ വിഭജനത്തിനും ജാതീയമായ ചേരിതിരിവുകൾക്കും കാരണമായതായി പരാതികളിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, പഴയിടം മോഹനൻ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തിൽ, സർവകലാശാല അദ്ധ്യാപകൻ കൂടിയായ അരുൺ കുമാറിനെതിരെ യുജിസി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ നൽകിയ പരാതിയിലാണ് യുജിസി ഇടപെടൽ.
ഫേസ്ബുക്കിലൂടെയായിരുന്നു പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ അരുൺ കുമാറിന്റെ ജാതീയമായ അധിക്ഷേപം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ വിഭവം വിളമ്പുന്നത് ബ്രാഹ്‌മണ മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് എന്ന തരത്തിലായിരുന്നു പരാമർശം. വിദ്യാർത്ഥികൾക്ക് മാംസാഹാരം നൽകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ ഇതിൽ വിശദീകരണവുമായി പഴയിടവും കലോത്സവ സംഘാടകരും രംഗത്ത് വന്നിരുന്നു. കലോത്സവത്തിന്റെ ഭക്ഷണ മെനു തീരുമാനിക്കുന്നത് സംഘാടകരാണെന്നും അവർ ആവശപ്പെടുന്ന ഭക്ഷണമാണ് കരാർ എടുക്കുന്നവർ തയ്യാറാക്കി നൽകുന്നതെന്നും പഴയിടം വിശദീകരിച്ചിരുന്നു. വിവാദങ്ങൾ തന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞ പഴയിടം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇനി ഭക്ഷണം പാകം ചെയ്യില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ വിമർശനങ്ങളായിരുന്നു ഇക്കാര്യത്തിൽ അരുൺ കുമാറിനെതിരെ ഉയർന്നത്.
Discussion about this post