കോഴിക്കോട്: തീവണ്ടികളിലെ എസി കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. കോച്ചുകളിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തിൽ തേർഡ് എ.സി, സെക്കൻഡ് എ.സി കോച്ചുകളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പിന്നീട് സ്ലീപ്പർ കോച്ചുകളിൽ ഉൾപ്പെടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. അതാത് റെയിൽവേ സോണുകൾക്ക് ആയിരിക്കും ക്യാമറകളുടെ നിയന്ത്രണം.
എ.സി കോച്ചുകളുടെ ഇരു വാതികളുടെയും വശങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. കോച്ചുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്. കോച്ചുകളിൽ ബാഗുകൾ ചടങ്ങലയുമായി ബന്ധിപ്പിക്കുന്നതിനുള്ള വളയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് അധികമാരും ഉപയോഗിക്കാറില്ല. ബർത്തുകളിലും സീറ്റുകളിലുമായി ബാഗുകൾ ബന്ധിപ്പിക്കാതെ വയ്ക്കുന്നതാണ് മോഷണം വർദ്ധിക്കാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവിധ ട്രെയിനുകളിലെ എസി കോച്ചുകളിലായി അഞ്ച് തവണയാണ് മോഷണം നടന്നത്.
Discussion about this post