പാലക്കാട്: പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ധോണിയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്തു. ഇന്നലെ രാവിലെ 12നും 1 മണിക്കും ഇടയിലാണ് പിടി സെവൻ കാടിറങ്ങി ജനവാസമേഖലയിലേക്ക് എത്തിയത്. നിരവധി വീടുകൾ ഉള്ള പ്രദേശത്തേക്കാണ് പിടി സെവൻ എത്തിയത്. ഈ പ്രദേശത്ത് ഏതാണ്ട് മൂന്ന് മണിക്കൂറോളം നേരം പിടി സെവൻ നിലയുറപ്പിച്ചിരുന്നു. പിന്നീട് ഏറെ നേരം പ്രയത്‌നിച്ചാണ് പിടി സെവനെ കാട് കയറ്റിയത്.
സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ രേഖപ്പെടുത്തിയത്. ഈ ഞായറാഴ്ചയ്ക്കകം ആനയെ മയക്കുവെടി വച്ച് തളച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞ ഒരു മാസത്തിലേറെയായി പിടി സെവൻ നാട്ടിലിറങ്ങുന്നു. ഒറ്റയ്ക്കും, കൂട്ടത്തോടെയുമെല്ലാം എല്ലാം എത്തുന്ന പിടി സെവൻ വ്യാപകമായ കൃഷിനാശവും ഉണ്ടാക്കുന്നുണ്ട്. വൈകിട്ട് ആറ് മണിക്ക് ശേഷമാണ് പിടി സെവൻ കാടിറങ്ങുന്നത്, പത്ത് മണിയോടു കൂടി തിരിച്ച് കയറും. പിന്നീട് വീണ്ടും പുലർച്ചയോടെ നാട്ടിലേക്കിറങ്ങുന്ന പതിവ് കാഴ്ചയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് നാട്ടുകാർ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
ആന കാരണം ഈ പ്രദേശത്തേക്ക് ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരാത്ത സാഹചര്യമുണ്ടെന്നും, വന്നാൽ തന്നെ ഇരട്ടിക്കൂലി മേടിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും നാട്ടുകാർ ആരോപിച്ചു. ഇന്ന് രാത്രിയോട് കൂടി വയനാട്ടിൽ നിന്നുള്ള 24 അംഗ സംഘം ധോണിയിൽ എത്തും. നാളെ രാവിലെ മുതൽ തന്നെ മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. രണ്ടോ മൂന്നോ ദിവസത്തിനകം പിടി സെവനെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.
Discussion about this post