പാലക്കാട്: പാലക്കാട് പിടി സെവനെ പിടിക്കാനുള്ള ദൗത്യത്തിന് തുടക്കം. ആർആർടി സംഘം പിടി സെവനെ നിരീക്ഷിച്ച് വരികയാണ്. ആർആർടിയിൽ നിന്ന് സന്ദേശം ലഭിച്ചാലുടനെ ആദ്യസംഘം പുറപ്പെടും. ദൗത്യസംഘം ഇന്നലെ രാത്രി മുതൽ വനത്തിനുള്ളിൽ തമ്പടിച്ചിരിക്കുകയാണ്. 72 പേരാണ് ദൗത്യസംഘത്തിലുള്ളത്. വെടിവയ്ക്കാൻ ഉചിതമായ സ്ഥലത്ത് വച്ച് നടപടി തുടങ്ങും. വെടിവയ്ക്കാൻ ഉചിതമായ സ്ഥലത്ത് വച്ച് നടപടി തുടങ്ങും.
അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം നടപ്പാക്കുന്നത്. രണ്ട് രീതിയിലാണ് ആനയെ വെടിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആന പോലും അറിയാതെ ആനയെ വെടിവച്ച് വീഴ്ത്തുക എന്നതാണ് ആദ്യരീതി. എന്നാൽ കുങ്കിയാനകളുടെ സാന്നിദ്ധ്യം മൂലം ആന അസ്വസ്ഥനായാൽ കുങ്കിയാനകളെ വച്ച് പിടി സെവനെ പിന്തുടർന്ന് കൊണ്ട് മയക്കുവെടി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകും.
ആനയെ വെടിവച്ച് വീഴ്‌ത്തേണ്ട സ്ഥലം തീരുമാനിക്കുന്നതും നിർണായകമാണ്. ഉൾക്കാടിനുള്ളിൽ വച്ചാണ് വെടിവയ്ക്കുന്നതെങ്കിൽ ആനയെ തിരികെ പുറത്തെത്തിക്കുക എന്നത് ശ്രമകരമായ ദൗത്യമാകും. ജനവാസമേഖലയിൽ വച്ചാണ് മയക്കുവെടി വയ്ക്കുന്നതെങ്കിലും മറ്റ് വിപത്തുകൾ ഉണ്ടാകും. മയക്കുവെടി വച്ച് 45 മിനിട്ടെങ്കിലും കഴിഞ്ഞ ശേഷമേ ആന പൂർണ്ണമായും മയങ്ങുകയുള്ളു. അതിനിടയിൽ ആന പരിഭ്രാന്തിയോടെ ചിതറി ഓടാനുള്ള സാദ്ധ്യതയുമുണ്ട്. ഏഴ് മുതൽ ഏഴര കിലോമീറ്റർ വരെ ഇത്തരത്തിൽ ഓടാനുള്ള സാദ്ധ്യതയാണ് കാണുന്നത്. അങ്ങനെ ഓടുന്നത് ജനവാസമേഖലയിലേക്കാണെങ്കിൽ ജനങ്ങളുടെ ജീവനും വലിയ ഭീഷണിയാകും. അതൊക്കെ മറികടന്ന് എങ്ങനെ സുരക്ഷിതമായി വെടിവയ്ക്കാം എന്നതാണ് ദൗത്യസംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി.
ധോണിയുടെ ഭൂപ്രകൃതിയും ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയാണ് ധോണിയിലേത്. വനത്തിനകത്തുള്ള തുറസായ സ്ഥലങ്ങളും കുറവാണ്.
Discussion about this post