കൊല്ലം: പോലീസുകാർക്ക് നേരെ വടിവാൾ വീശി ഗുണ്ടാ സംഘം. അടൂർ റെസ്റ്റ് ഹൗസ് കൊലക്കേസിലെ പ്രതികളാണ് പിടികൂടാനെത്തിയ പോലീസുകാരെ വടിവാൾ വീശി അപായപ്പെടുത്താൻ ശ്രമിച്ചത്. ജീവൻ അപകടത്തിലാകുമെന്ന അവസ്ഥയെത്തിയതോടെ പോലീസ് ഇവർക്ക് നേരെ വെടിയുതിർത്തു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പടപ്പാക്കരയിലായിരുന്നു സംഭവം. കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്ഥലത്ത് എത്തിയത്. കേസിലെ പ്രതികളായ ആന്റണി ദാസ് , ലിജോ എന്നിവർ കുണ്ടറയിൽ ഒളിച്ച് താമസിക്കുന്നുണ്ട് എന്നായിരുന്നു രഹസ്യവിവരം. ഇതേ തുടർന്നാണ് ഇൻഫോപാർക്ക് സിഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയത്.
ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കേന്ദ്രമാണ് പടപ്പാക്കര. ഇവിടെ ഒരു വീട്ടിലായിരുന്നു പ്രതികൾ ഒളിച്ച് താമസിച്ചിരുന്നത്. വീട് വളഞ്ഞ് പ്രതികളെ പിടികൂടാൻ ആയിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. എന്നാൽ പോലീസ് എത്തിയ വിവരം അറിഞ്ഞ ഇവർ രക്ഷപ്പെടുകയായിരുന്നു. പോലീസും ഇവരെ പിന്തുടർന്നു. ഇതിനിടെയായിരുന്നു വടിവാൾ വീശിയത്. സംഭവം കണ്ട പ്രതികളുടെ സഹായികളും പോലീസിനെ ആക്രമിക്കാൻ തുനിഞ്ഞു. ഇതോടെ പ്രാണരക്ഷാർത്ഥം പോലീസ് വെടിയുതിർക്കുകയായിരുന്നു.
നാല് റൗണ്ടാണ് വെടിയുതിർത്തത്. ഇതോടെ സംഘം ചിതറിയോടി. ആന്റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെടുകയായിരുന്നു. വെടിവയ്പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഞ്ച് പേരായിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട പ്രതികൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post