മലപ്പുറം: പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തി ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രതിഷേധിച്ച് വ്യത്യസ്തമായ സമരമാർഗ്ഗവുമായി വാർഡ് മെമ്പർ. മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ ബിജെപി വാർഡ് മെമ്പർ സജു കൊളത്തൂർ ആണ് ഒറ്റയാൾ പദയാത്ര നടത്തി പ്രതിഷേധിച്ചത്. രാവിലെയായിരുന്നു പ്രതിഷേധം.
മൂർക്കനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു പദയാത്ര. രാവിലെ വാർഡിലെ മുതിർന്ന അംഗം ചക്കുതൊടി സുബ്രനിൽ നിന്ന് പാർട്ടി കൊടി സ്വീകരിച്ച് കൊണ്ടായിരുന്നു യാത്ര ആരംഭിച്ചത്. കാൽ നടയായി വാർഡ് ചുറ്റി കുളത്തൂർ ടൗണിലൂടെ പഞ്ചായത്ത് ഓഫീസിലേക്കുള്ള 4 കിലോമീറ്റർ ദൂരമാണ് നടന്നത്. സംസ്ഥാന സർക്കാരിനോടുള്ള പ്രതിഷേധത്തെ സൂചിപ്പിക്കുന്ന പ്ലക്കാർഡും കയ്യിലേന്തിയിരുന്നു.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയാണ് സർക്കാർ സെസ് ഏർപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലകൂടും. ഇതിന് പുറമേ നികുതി വർദ്ധനവ് ഉൾപ്പെടെയുള്ള ജനവിരുദ്ധ നടപടികളും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ബജറ്റിന്റെ ദോഷഫലങ്ങൾ കൂടുതൽ സാധാരണക്കാരിലേക്ക് എത്തുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു സമരം നടത്താൻ തീരുമാനിച്ചതെന്നാണ് സജു കൊളത്തൂർ പറയുന്നത്.
Discussion about this post