തിരുവനന്തപുരം: പിണറായി സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കി യുവമോർച്ച. നിയമസഭയ്ക്ക് മുൻപിൽ മുഴുവൻ മന്ത്രിമാരുടെയും കോലം കത്തിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
പ്രതിബന്ധങ്ങൾക്കിടയിലെ ‘മാജിക് ബജറ്റ്’ എന്ന് പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. പക്ഷെ മാജിക് കണ്ട് കേരളത്തിലെ ജനങ്ങൾ ഞെട്ടി. അന്യായമായ നികുതി വർദ്ധന വരുത്തിയിട്ട് അതിനെ നിർലജ്ജം ന്യായീകരിക്കുകയാണ് ഇപ്പോഴെന്നും പ്രഫുൽ കൃഷ്ണൻ കുറ്റപ്പെടുത്തി. ശക്തമായ പ്രതിഷേധം ബജറ്റിനെതിരെ ഉയർന്നുവരും. കേരളത്തിലുടനീളം പ്രതിഷേധങ്ങൾ നടക്കുമെന്നും യുവമോർച്ച അദ്ധ്യക്ഷൻ പറഞ്ഞു.
ജനങ്ങളോട് അൽപം പോലും നീതി പുലർത്താത്ത മന്ത്രിസഭയാണിത്. ജനോപകാരപ്രദമായ മന്ത്രിമാരല്ല. അതുകൊണ്ട് മുഴുവൻ മന്ത്രിമാരുടെയും കോലങ്ങൾ നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയാണെന്നും പ്രുഫുൽ കൃഷ്ണൻ പറഞ്ഞു.
യുവമോർച്ചയുടെ മാർച്ച് തടയാനായി വലിയ തോതിൽ ബാരിക്കേഡുമായി പോലീസ് പ്രതിരോധം തീർത്തിരുന്നു. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യുവമോർച്ച അദ്ധ്യക്ഷനെ ഉൾപ്പെടെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Discussion about this post