പ്രോട്ടീന്‍ കലവറയായ മുട്ട ആരോഗ്യത്തിന് നല്ലതാണ് എന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. മുട്ടയുടെ ആരോഗ്യഗുണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രഭാതഭക്ഷണമായി സ്ഥിരം മുട്ട കഴിക്കുന്നവരും ഉണ്ട്. അതേസമയം ഒരു ദിവസം ഒന്നിലധികം മുട്ട കഴിക്കുന്നത് ശരീരത്തിന്, പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. ഇത് സത്യമാണോ? ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരമൊരു പഠന റിപ്പോര്‍ട്ട് ‘ന്യൂട്രിയന്റ്‌സ്’ എന്ന ജേണല്‍ അടുത്തിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. മുട്ട കഴിക്കുന്നത് ഹൃദയത്തിന് വളരെ നല്ലതാണെന്നും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും മുട്ടയ്ക്ക് കഴിവുണ്ടെന്നുമാണ് ആ റിപ്പോര്‍ട്ട് പറയുന്നത്.
ആഴ്ചയില്‍ എത്ര മുട്ട കഴിക്കാം?
ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് മുട്ടയും ഹൃദയും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കിയത്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനത്തിലൂടെ അവര്‍ കണ്ടെത്തിയത്. 2300ലധികം പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിച്ചവരില്‍ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതായി അവര്‍ കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിലൂടെ മുട്ട സ്ഥിരമായി കഴിച്ചാല്‍ പ്രമേഹസാധ്യത (ടൈപ്പ് 2 ഡയബറ്റിസ്) കുറയും എന്ന അനുമാനത്തില്‍ അവരെത്തി. അതിനാല്‍ മുട്ട കഴിക്കുന്നത് ഹൃദയത്തിന് നല്ലതല്ലെന്ന വിശ്വാസം തെറ്റാണെന്നും മറിച്ച് നല്ലതാണെന്നും അവര്‍ പഠനത്തിലൂടെ തെളിയിച്ചു.
ആരോഗ്യവിദഗ്ധര്‍ എന്താണ് പറയുന്നത്?
അതേസമയം അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത് ദിവസവും ഒന്നോ രണ്ടോ മുട്ടയുടെ വെള്ള മാത്രം കഴിക്കാമെന്നാണ്. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും മറ്റ് നിരവധി പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുട്ടയുടെ വെള്ള ദിവസവും കഴിക്കുന്നത് ഹൃദയത്തിന് വളരെ നല്ലതാണെന്നും അവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് എത്ര പ്രോട്ടീന്‍ വേണം?
മുട്ട കഴിച്ചാല്‍ പ്രോട്ടീന്‍ ലഭിക്കുമെന്നത് ശരിതന്നെ, എന്നുകരുതി എത്ര മുട്ട വേണമെങ്കിലും കഴിക്കാമെന്നാണോ, ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനിനും ഒരു പരിധിയുണ്ടാകില്ല. അതെ, അതുണ്ട്. ന്യൂഡെല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൃദ്രോഗവിദഗ്ധ ഡോ.അപര്‍ണ ജിസ്‌വാള്‍ പറയുന്നത് സാധാരണ, പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് അവരുടെ ഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 ഗ്രാം അല്ലെങ്കില്‍ 1 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണെന്നാണ്. അതായത് 60 കിലോഗ്രാം ഭാരമുള്ള ഒരു വ്യക്തിക്ക് 40-60 ഗ്രാം പ്രോട്ടീന്‍ വേണം. ആ കണക്കനുസരിച്ച് മുട്ടയുടെ വെള്ള മാത്രം കഴിക്കുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ 2-3 മഞ്ഞ കൂടി കഴിക്കാം.
എന്തായാലും ഹൃദയവും മുട്ടയും തമ്മില്‍ ഒത്തുപോകില്ലെന്ന തെറ്റിദ്ധാരണ കളയാനുള്ള സമയമായി. മുട്ടയില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ നിയന്ത്രിത അളവില്‍ സ്ഥിരമായി മുട്ട കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകില്ല.
Discussion about this post