കൊച്ചി: സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം തന്നെ ക്യാമറകൾ ഘടിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസിന്റെ മുൻഭാഗത്തെ റോഡും അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറകൾ ഘടിപ്പിക്കേണ്ടത്. ഈ മാസം 28ന് മുൻപ് എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിച്ചിരിക്കണമെന്ന് ഇന്ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നത് എന്ന കാര്യം നിരന്തരം പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. കെ എസ് ആർ ടി സി ബസുകളിലും ക്യാമറകൾ ഘടിപ്പിക്കും. ഇതിന് ആവശ്യമായ ചിലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും മന്ത്രി അറിയിച്ചു. ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും യോഗം തീരുമാനിച്ചു.
അതേസമയം, ബസുകളിൽ ക്യാമറകൾ ഘടിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമുണ്ടാകാൻ കാരണമാകുമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ യുവാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സ്വകാര്യ ബസുകളും കെ എസ് ആർ ടി സി ബസുകളും എങ്ങനെ ഈ നീക്കത്തെ സമീപിക്കും എന്നും ചിലർ ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാൽ, മുൻപ് സ്പീഡ് ഗവർണർ ഘടിപ്പിച്ചപ്പോൾ ഉണ്ടായ കോലാഹലങ്ങൾ പോലെ ഇതും പാതിവഴിയിൽ അപ്രസക്തമാകുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം.
Discussion about this post