ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്ന തുർക്കി സന്ദർശിക്കാൻ താൻ പോവുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തുർക്കിയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തന്റെ യാത്രയെന്നും ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് യാത്രയുടെ വിവരം ഷെരീഫ് പ്രഖ്യാപിച്ചത്.
‘പാകിസ്താനിലെ ജനങ്ങളുടേയും സർക്കാരിന്റെയും പിന്തുണ തുർക്കിയിലെ സഹോദരീ സഹോദരന്മാർക്ക് നൽകുകയാണെന്ന സന്ദേശവുമായാണ് ഞാൻ തുർക്കിയിലേക്ക് പോകുന്നത്. രണ്ട് രാജ്യങ്ങളിലായിട്ടാണ് കഴിയുന്നതെങ്കിലും, ഒരു ആത്മാവെന്ന പോലെ കരുതി അവരുടെ നഷ്ടം ഞങ്ങളുടേത് കൂടിയായി കണക്കാക്കുകയാണെന്നും” ഷെരീഫ് ട്വീറ്റ് ചെയ്തു.
നേരത്തെ രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കാൻ ഷെരീഫിനോട് തുർക്കി നേതൃത്വം നിർദ്ദേശിച്ചിരുന്നു. ഭൂകമ്പമുണ്ടായതിന് തൊട്ടു പിന്നാലെയാണ് താൻ തുർക്കിയിലേക്ക് പോവുകയാണെന്ന് ഷെരീഫ് പ്രഖ്യാപിച്ചത്. എന്നാൽ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും, ഷെരീഫ് ഇപ്പോൾ രാജ്യത്തെത്തുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടാണ് എന്നുമാണ് തുർക്കിയിലെ ഭരണനേതൃത്വം പാകിസ്താനെ അറിയിച്ചത്. പിന്നാലെ യാത്ര മാറ്റി വയ്ക്കുയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് തുർക്കിയിലും സിറിയയിലുമായി കനത്ത ഭൂകമ്പം ഉണ്ടായത്. 41,000ത്തിലധികം ആളുകൾക്കാണ് ഭൂകമ്പത്തിൽ ജീവൻ നഷ്ടമായത്. മേഖലയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തകർന്നു വീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ മുഴുവൻ ആളുകളേയും ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല. ഓരോ ദിവസവും ആയിരക്കണക്കിന് മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ ഇപ്പോഴും കണ്ടെടുത്ത് കൊണ്ടിരിക്കുന്നത്.
Discussion about this post