കുട്ടികള്‍ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കണമെന്ന് ഏത് മാതാപിതാക്കളാണ് ആഗ്രഹിക്കാത്തത്. അതൊടൊപ്പം അവരുടെ ബുദ്ധിവളര്‍ച്ചയ്ക്ക് സാധ്യമായതെല്ലാം ചെയ്യണമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അതിനുവേണ്ടി പരസ്യങ്ങളില്‍ കാണുന്നതും പണ്ടുകാലം മുതല്‍ക്കേ പറഞ്ഞുകേള്‍ക്കുന്നതുമായ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്.
കുട്ടികളിലെ ബുദ്ധിവികാസത്തിന് ഏറ്റവും പ്രധാനം പോഷകങ്ങളാണ്. മതിയായ അളവില്‍ പോഷകങ്ങള്‍ ശരീരത്തിലെത്തിയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ സ്വാഭാവികമായി തന്നെ മിടുക്കരായിക്കോളും. പക്ഷേ ഏതൊക്കെയാണ് ഈ പോഷകങ്ങള്‍ അല്ലെങ്കില്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് കുട്ടികളിലെ ബുദ്ധിവളര്‍ച്ചയ്ക്ക് സഹായകമാകുക തുടങ്ങിയ സംശയങ്ങള്‍ മാതാപിതാക്കളില്‍ എക്കാലത്തും ഉണ്ടാകാറുണ്ട്.
മുട്ട, മീന്‍, പച്ചക്കറികള്‍ തുടങ്ങി ബുദ്ധിവികാസത്തെ സഹായിക്കുന്ന, നമ്മുടെ വീടുകളില്‍ എപ്പോഴും ഉണ്ടാകുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ കുട്ടികള്‍ക്ക് ലഭിച്ചുകൊള്ളും. പരസ്യങ്ങളില്‍ കാണുന്നതോ കേട്ട് മാത്രം അറിവുള്ളതോ ആയ ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കുന്നതിന് പകരമായി കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനുമായി നല്‍കാവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളാണ് താഴെ.
മുട്ട
നമുക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. കുട്ടികള്‍ക്കും പൊതുവേ മുട്ട ഇഷ്ടമാണ് എന്നുള്ളതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. ബുദ്ധിവളര്‍ച്ചയില്‍ വളരെ പ്രധാനമായ കൊളീന്‍, വിറ്റാമിന്‍ ബി12, പ്രോട്ടീന്‍, സെലീനിയം എന്നിവയാല്‍ സമ്പുഷ്ടമാണ് മുട്ട.
തൈര്
മുട്ട പോലെ മിക്ക കുട്ടികളുടെയും പ്രിയപ്പെട്ട മറ്റൊരു ആഹാരമാണ് തൈര്. തലച്ചോറിന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് കൊഴുപ്പ് അത്യാവശ്യമാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന, മതിയായ അളവില്‍ കൊഴുപ്പുള്ള തൈര് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. തൈരില്‍ അടങ്ങിയിട്ടുള്ള പോളിഫിനോളുകള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തി ഏകാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഇലക്കറികള്‍
ഇലക്കറികളോട് പൊതുവേ കുട്ടികള്‍ മുഖം തിരിക്കാറാണ് പതിവ്. അതിനാല്‍ തന്നെ വളര്‍ച്ചയില്‍ ഏറെ പ്രധാനമായ ഇവ കുട്ടികള്‍ക്ക് നല്‍കാന്‍ മാതാപിതാക്കള്‍ ഏറെ കഷ്ടപ്പെടാറുമുണ്ട്. ബുദ്ധി വളര്‍ച്ചയില്‍ ഇലക്കറികള്‍ സുപ്രധാന പങ്ക് വഹിക്കുന്നതായി പല ഗവേഷണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ചീര, കാലെ,ലെറ്റിയൂസ് തുടങ്ങിയ ഇലവര്‍ഗ്ഗങ്ങളില്‍ ഫോളൈറ്റ്, ഫ്‌ളവനോയിഡുകള്‍, കരാറ്റിനോയിഡുകള്‍, വിറ്റാമിന്‍ ഇ, കെ1 തുടങ്ങി തലച്ചോറിന് സംരക്ഷണമേകുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.
മത്സ്യവിഭവങ്ങള്‍
വിറ്റാമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മത്സ്യങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും തിരിച്ചറിയലുമായി ബന്ധപ്പെട്ട കഴിവുകള്‍ ശക്തിപ്പെടുത്താനും കുട്ടികളെ സഹായിക്കും. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന മത്തി, അയല, ചൂര എന്നിവയിലൊക്കെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എത്ര കഴിക്കുന്നുവോ അത്രയും നല്ലതാണ് കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക്.
അണ്ടിപ്പരിപ്പുകള്‍
വിറ്റാമിന്‍ ഇ, സിങ്ക്, ഫോളൈറ്റ്, അയേണ്‍, പ്രോട്ടീന്‍ എന്നിവ ഉള്‍പ്പടെ തിരിച്ചറിയലുമായി ബന്ധപ്പെട്ട കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ളവയാണ് അണ്ടിപ്പരിപ്പുകളും വിത്തുകളും. അണ്ടിപ്പരിപ്പുകള്‍ ധാരാളം ഉള്‍പ്പെടുത്തിയുള്ള ആഹാരക്രമം കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും അണ്ടിപ്പരിപ്പുകളിലും വിത്തുകളിലും ധാരാളമുണ്ട്. കുട്ടികള്‍ക്ക് ഇവ ഏറെ ഇഷ്ടമായതിനാല്‍ മാതാപിതാക്കള്‍ക്ക് ധൈര്യമായി ഇവ കു്ട്ടികള്‍ക്ക് കൊടുക്കാം.
ഓറഞ്ച്
പഴവര്‍ഗ്ഗങ്ങളില്‍ ഓറഞ്ച് കുട്ടികള്‍ക്ക് ഇഷ്ടമുള്ള, മികച്ച ഭക്ഷണമാണ്. ബുദ്ധിവളര്‍ച്ചയ്ക്ക് മാത്രമല്ല.മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിനും ഓറഞ്ച് കഴിക്കുന്നത് കുട്ടികള്‍ക്ക് നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വളരെ ആവശ്യമായ വിറ്റാമിന്‍ സി ഓറഞ്ചില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.
Discussion about this post