തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പീഡന കേസിൽ കുടുക്കി നാണം കെടുത്താൻ ശ്രമിച്ചതിന് പിന്നിലെ രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിന്റെ പങ്ക് വെളിപ്പെടുത്തി ദേശാഭിമാനി മുൻ സബ് എഡിറ്റർ ജി ശക്തിധരൻ. ‘ചാനൽ മേധാവിയും അഭിസാരികയും ഉമ്മൻചാണ്ടി ‘വധ’വും: ഒരു ആധുനിക അപസർപ്പക കഥ‘ എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ശക്തിധരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മാധ്യമ പ്രവർത്തനത്തെ അടിമപ്പണിയായി അധഃപ്പതിപ്പിച്ചു പണം കുന്നുകൂട്ടാൻ ആഗ്രഹിക്കുന്നവരുടെ ദൃഷ്ടാന്തം എന്ന പേരിലാണ് തന്റെ കണ്ടെത്തലുകൾ ശക്തിധരൻ വിവരിക്കുന്നത്.
കുഴപ്പക്കാരി എന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിപ്പിക്കുന്ന ഒരു സ്ത്രീ, പുതിയ സംരംഭക എന്ന മുഖംമൂടി അണിഞ്ഞു കേരള രാഷ്ട്രീയത്തെ ശീർഷാസനത്തിൽ നിർത്തുകയും അഭ്യസ്ത വിദ്യരായ ഒട്ടേറെപ്പേരെ സാമ്പത്തികമായി കബളിപ്പിക്കുകയും രണ്ടു ഡസനിലേറെ പുരുഷന്മാർക്ക് സ്വന്തം ശരീരം കാഴ്ചവെക്കേണ്ടി വന്നു എന്ന് അധികൃതർക്ക് നൽകിയ വിവിധ പരാതികളിൽ തുറന്നു പറയുകയും ചെയ്ത അസാധാരണ സംഭവ പരമ്പരയ്ക്കു കേരളം സാക്ഷിയായി. പക്ഷെ ഈ സംഭവ പരമ്പരകളിലെല്ലാം ശിക്ഷിക്കപ്പെട്ടത് പരാതിക്കാരി മാത്രമായതെങ്ങനെയെന്നതും ആരോപണ ശരങ്ങളുമായി ഇറങ്ങിയ ഈ വനിതയ്ക്കു എന്തുകൊണ്ട് ഒരു കോടതിയിലും ഇതേവരെ വിജയിക്കാൻ കഴിഞ്ഞില്ല എന്നതും പരാതിക്കാരി ഒരു പെരും കള്ളിയാണോ എന്ന് സംശയം ജനിപ്പിക്കുന്നതു സ്വാഭാവികമാണെന്ന് ശക്തിധരൻ പറയുന്നു.
എൺപതിനോടടുത്തു പ്രായമുള്ള ഉമ്മൻചാണ്ടിയെ പെണ്ണുപിടിയനായ രാഷ്ട്രീയക്കാരനായി വരുത്തിത്തീർക്കാൻ ഒരു മോക്ക് കോടതിയെത്തന്നെ സൃഷ്ടിക്കുകയായിരുന്നോ കേരളം? വയോവൃദ്ധനായ ഉമ്മൻചാണ്ടിയെ പാതാളത്തോളം താഴ്ത്താൻ അഭിഭാഷകരുടെ വൻ സന്നാഹവുമായി ഒരു ഭാഗത്തു കരുക്കൾ നീക്കിയ ടിവി യജമാനൻ ജോൺ ബ്രിട്ടാസല്ലേ ഈ സ്ത്രീയുമായി രാത്രി പന്ത്രണ്ടിനും അതിനുശേഷവും നിരന്തരം സല്ലാപത്തിൽ ഏർപ്പെട്ടിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നതെന്ന് ശക്തിധരൻ ചോദിക്കുന്നു.
അതേ കക്ഷികൾ തന്നെ ചാനലിലെ വിചാരണയിൽ ന്യായാധിപന്റെയും പരാതിക്കാരിയുടെയും കസേരയിൽ ഇരിക്കുന്നത് അസ്വാഭാവികമാണ്. അവർ തമ്മിലുള്ള കൂടിക്കാഴ്ചയുടെ മാസവും ദിവസവും സംഭാഷണ ദൈർഘ്യവും പരസ്യമായ രേഖയാണെന്നും ലേഖകൻ ചൂണ്ടിക്കാട്ടുന്നു. എന്ത് വഞ്ചനയാണിതെന്നും അദ്ദേഹം ബ്രിട്ടാസിനോട് ചോദിക്കുന്നു. ഉമ്മൻചാണ്ടിയുടെ ആയുരാരോഗ്യങ്ങൾ ഉത്ക്കണ്ഠയോടെ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആൾക്കു തന്നെ ഇതൊക്കെ ചെയ്യാൻ എങ്ങിനെ കഴിയുന്നുവെന്നും അദ്ദേഹം അത്ഭുതപ്പെടുന്നു.
ചതുരുപായങ്ങൾ പ്രയോഗിച്ചു പ്രതിയോഗികളെ വീഴ്ത്തുന്നതിൽ നിപുണർ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ജോണ് ബ്രിട്ടാസിനോളം വിരുതുള്ളവർ അതിൽ ഏറെയുണ്ടാകില്ല. സമാദരണീയനായ ഒരു നേതാവിനെ പെണ്ണുകേസിൽ കുടുക്കി ശേഷിച്ച ജീവിതം മുഴുവൻ കാരാഗൃഹത്തിലാക്കാമെന്ന പൂതി നടക്കാതെ പോയത് അദ്ദേഹത്തിന്റെ ദൈവവിശ്വാസം കൊണ്ടാണോ എന്ന് ചിലർക്കെങ്കിലും തോന്നിയാൽ തെറ്റ് പറയാനാകില്ലെന്നും ശക്തിധരൻ പറയുന്നു. സത്യത്തിന്റെ മുഖം സ്വർണ്ണപാത്രം കൊണ്ട് ആർക്കും മൂടിവെക്കാനാകില്ല. കേസിന്റെ വിധി മറിച്ചായിരുന്നെങ്കിൽ ജോൺ ബ്രിട്ടാസിന്റെ ശിരസ്സിൽ പിണറായി വിജയൻ വെച്ചുകൊടുക്കുന്ന സ്വർണപാത്രം കേരളം കാണേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം പരിഹസിക്കുന്നു.
ബ്രിട്ടാസും പരാതിക്കാരിയും തമ്മിലുള്ള ആശയനിമയങ്ങളുടെ രേഖകൾ പുറത്തു വിടാൻ ഒരു കോൺഗ്രസ് നേതാവ് തയ്യാറായപ്പോൾ, കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അതിൽ എതിർപ്പ് വന്നു. അത്തരം ഇടപെടലുകൾ മാദ്ധ്യമ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് എന്ന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായം വന്നതോടെ, നേതാവിന് അതിൽ നിന്നും പിന്മാറേണ്ടി വന്നുവെന്നും ശക്തിധരൻ വ്യക്തമാക്കുന്നു.
എൺപതുകാരനായ ഉമ്മൻചാണ്ടി 2012 സെപ്റ്റംബർ 19ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചു തന്നെ ഭോഗിച്ചിട്ടുണ്ടെന്ന് വിളിച്ചുപറയാൻ മടികാണിച്ചിട്ടില്ലാത്ത ഈ സ്ത്രീക്ക് ചുറ്റും നിന്ന് കറങ്ങുകയായിരുന്നു അന്നത്തെ കേരള രാഷ്ട്രീയം എന്ന് ലേഖകൻ ഓർമ്മിപ്പിക്കുന്നു.
സോളാർ പീഡന വിവാദം കത്തി നിൽക്കുന്ന സമയത്തും അതിന് ശേഷം ഇപ്പോഴുമുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തലുകളും, അതിന് കൈരളിയും ദേശാഭിമാനിയും ജോൺ ബ്രിട്ടാസും നൽകിയിരുന്ന/ നൽകി വരുന്ന പ്രാധാന്യവും ശക്തിധരൻ ഒളിഞ്ഞും തെളിഞ്ഞും ചൂണ്ടിക്കാട്ടുന്നു.
Discussion about this post