തിരുവനന്തപുരം: ബിബിസിയ്ക്ക് നീതി വാങ്ങി കൊടുത്ത സ്ഥിതിയ്ക്ക് കേരളത്തിലെ പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തണമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സിഐടിയു നേതാവ് എളമരം കരീമിനെതിരെ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ എടുത്ത കേസിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് സന്ദീപിന്റെ പ്രതികരണം. നട്ടെല്ലും നാവും എകെജി സെന്ററിൽ പണയം വച്ചിരുന്നുവെങ്കിൽ വിനു.വി. ജോണിന് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
ബി.ബി.സിക്ക് നീതി വാങ്ങി കൊടുത്തു കഴിഞ്ഞ സ്ഥിതിയ്ക്ക് കേരളത്തിലെ പ്രതികരണ തൊഴിലാളികൾ തിരുവനന്തപുരത്തേക്ക് മടങ്ങി വരണമെന്ന് അഭ്യർത്ഥിക്കുന്നു. ഭരണ സിരാകേന്ദ്രത്തിന് മൂക്കിന് താഴെ കേരളത്തിലെ എറ്റവും പ്രമുഖ മാധ്യമപ്രവർത്തകരിൽ ഒരാളായ വിനു വി ജോണിനെ നാളെ പിണറായി പൊലീസ് ചോദ്യം ചെയ്യുകയാണ്. ബി.ബി.സിയെ പോലെ നികുതി വെട്ടിപ്പ്, കാപ്പനെ പോലെ ഭീകരപ്രവർത്തനം, ചില പത്രപ്രവർത്തക നേതാക്കളെ പോലെ പ്രസ് ക്ലബ്ബ് ഫണ്ട് വെട്ടിക്കൽ, സഹപ്രവർത്തകയെ പീഡിപ്പിക്കൽ തുടങ്ങിയ പെറ്റി കേസുകളിലല്ല. അഖിലലോക തൊഴിലാളി നേതാവായ എളമരം കരീമിനെ വിമർശിച്ചു എന്ന കൊടുംകുറ്റത്തിനാണ് വിനുവിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇത്രയും വലിയ പാതകം ചെയ്ത നാലാം തൂണുകാരനെ, സഹ പ്രവർത്തകനെ ഒരു വാക്ക് കൊണ്ട് പോലും പിന്തുണയ്‌ക്കേണ്ട ബാധ്യത പ്രതികരണ തൊഴിലാളികൾക്കില്ലെന്നറിയാം. അല്ലായെങ്കിൽ നട്ടെല്ലും നാവും എ.കെ.ജി സെൻററിൽ പണയം വെച്ചവനാകണം. എങ്കിൽ വിനുവിന് ഈ ഗതി വരില്ലായിരുന്നുവെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.
എ.കെ.ജി സെൻററിൽ നിന്ന് ഇട്ടു കൊടുക്കുന്ന എല്ലിൻ കഷണം കടിച്ച് എന്ത് തെമ്മാടിത്തവും കേരളത്തിൽ ചെയ്യാം. ഇടക്കിടെ വടക്കോട് നോക്കി ഓരിയിടണം എന്ന് മാത്രം. എങ്കിൽ രാജ്യ ദ്രോഹവും നികുതി വെട്ടിപ്പും സ്ത്രീ പീഡനവും വരെ തീർപ്പാക്കപ്പെട്ട് വിശുദ്ധനാകും. സഹപ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതിയായവരും കോടികളുടെ സർക്കാർ ഫണ്ട് വെട്ടിച്ച് പുട്ടടിച്ചവൻമാരും ചാനലിലൂടെയും പത്രത്തിലൂടെയും നാട്ടുകാരെ പൗരധർമ്മം പഠിപ്പിക്കുന്ന കാലത്ത് വിനു വേട്ടയാടപ്പെടേണ്ടവൻ തന്നെയാണ്. കാരണം അവൻ ഈ അധോലോകത്തിൽ പെട്ടവനല്ലല്ലോ.
വിനു പൊലീസ് ചോദ്യം ചെയ്യലിന് വിധേയനാകുമ്പോഴും പരാതിക്കാരനായ ആഗോള നേതാവ് മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ദില്ലി തെരുവുകൾ തോറും അലഞ്ഞു നടന്ന് പോരാടുകയാണ് സുഹൃത്തുക്കളേ… പോരാടുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് വിനുവിന് നോട്ടീസ് നൽകിയത്. നാളെ രാവിലെ 11 മണിയ്ക്കുള്ളിൽ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ വർഷം നടന്ന അഖിലേന്ത്യാ പണിമുടക്കിനോടുനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതിനിടെ രോഗിയുമായി പോയഓട്ടോ ഡ്രൈവറെ സമരക്കാർ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് പരാമർശിക്കവേ പണിമുടക്കിന് ആഹ്വാനം ചെയ്ത എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ചുപൊട്ടിക്കണമായിരുന്നുവെന്ന് വിനു വി ജോൺ പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് പരാതി നൽകിയത്.ഭീഷണിപ്പെടുത്തി, എളമരം കരീമിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് വിനുവിനെതിരായ എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
Discussion about this post