കോട്ടയം: മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ രാജം (70) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിനും മകനും പരിക്കേറ്റിട്ടുണ്ട്.
അർദ്ധ രാത്രി 12.30 ഓടെയായിരുന്നു സംഭവം. മണിമല പളളിയ്ക്ക് സമീപമുള്ള ഇരുനില വീട്ടിലായിരുന്നു അപകടം ഉണ്ടായത്. വീടിന്റെ താഴത്തെ നിലയിൽ ആയിരുന്നു തീ പിടിത്തം ഉണ്ടായത്. രാജവും, ഭർത്താവ് സെൽവരാജ്, മകൻ വിനീഷ് എന്നിവർ താഴത്തെ നിലയിൽ ആയിരുന്നു കിടന്നിരുന്നത്. മുകളിലെ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.
ബഹളംകേട്ട് പ്രദേശവാസികൾ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് സെൽവരാജിന്റെ വീടിന് തീ പടർന്നതായി കാണുന്നത്. ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. അറിയിപ്പ് ലഭിച്ച പ്രകാരം ഇവർ സംഭവ സ്ഥലത്ത് എത്തി. എന്നാൽ വഴി ചെറുതായതിനാൽ വീട്ടിലേക്ക് എത്തിപ്പെടാൻ പ്രയാസപ്പെടുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വീടിന് സമീപത്തേയ്ക്ക് എത്താൻ കഴിഞ്ഞത്. തുടർന്ന് വീടിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുകയായിരുന്നു. രാജം സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post