തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പിണറായി സർക്കാരിന്റെ നടപടി സമൂഹമാദ്ധ്യമങ്ങളിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഇടതുസർക്കാർ കൊട്ടിഘോഷിക്കുന്ന സംസ്ഥാനത്തെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ പൊളളത്തരം പൊതുസമൂഹത്തിൽ തുറന്നുകാട്ടുന്നതാണ് നടപടികളെന്നാണ് ഉയരുന്ന വിമർശനം.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വാർത്തയുടെ പേരിലാണ് ചാനലിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെങ്കിലും രാഷ്ട്രീയ പകപോക്കലാണ് സർക്കാരും സിപിഎമ്മും നടത്തുന്നതെന്ന ആരോപണവും ശക്തമാണ്. പൊതുവേ എൽഡിഎഫ് സർക്കാരിനെയും പാർട്ടിക്ക് വേണ്ടപ്പെട്ട നേതാക്കളെയും വിമർശിച്ച വാർത്തകളിലെ അമർഷമാണ് നടപടിയിലെത്തിച്ചത്.
പിവി അൻവർ എംഎൽഎയുടെ ആഫ്രിക്കയിലെ ബിസിനസുമായി ബന്ധപ്പെട്ട വാർത്തകളുടെ പേരിലുണ്ടായ വിരോധവും സിപിഎമ്മിലെ കണ്ണൂർ ലോബിയുടെ അതൃപ്തിയുമാണ് ചാനലിനെതിരെ പെട്ടന്നുളള നടപടിക്ക് കാരണമെന്നാണ് സൂചന. തുടർന്നാണ് ലഹരി ഉപയോഗത്തിനെതിരായ വാർത്താപരമ്പരയുമായി ബന്ധപ്പെട്ട് നൽകിയ ഒരു വാർത്തയുടെ പേരിൽ ചാനലിനെതിരെ പിണറായി സർക്കാരും സിപിഎമ്മും വാളെടുക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ എൽഡിഎഫിനോട് ചാനൽ മൃദുസമീപനം സ്വീകരിക്കുന്നതായും പക്ഷപാതപരമായി വാർത്തകൾ ചമയ്ക്കുന്നതായും പ്രതിപക്ഷ പാർട്ടികൾ പലപ്പോഴും ചർച്ചകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പുറത്തുവിട്ട ഏഷ്യാനെറ്റിലെ വാർത്താവിഭാഗം ചുമതല വഹിച്ചിരുന്ന സിന്ധു സൂര്യകുമാറിന്റെ ഇ മെയിൽ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായിക്കഴിഞ്ഞു.
ബിജെപി, കോൺഗ്രസ്, യുഡിഎഫ് ക്യാമ്പുകളിലെ ഗോസിപ്പുകളും ഊഹാപോഹങ്ങളുമൊക്കെ വാർത്തയാക്കണമെന്ന് നിർദ്ദേശിക്കുന്നതായിരുന്നു ഇ മെയിലിന്റെ ഉളളടക്കം. ഗോസിപ്പുകളും ഊഹാപോഹങ്ങളും വാർത്തയാക്കണമെന്ന് പറയുമ്പോൾ തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്തുതാ റിപ്പോർട്ടുകളുടെ കാര്യം ഒടുവിലാണ് സൂചിപ്പിക്കുന്നത്. എല്ലാ വാർത്തകളും പൂർണമായി സത്യമല്ലെങ്കിലും നിലവിലെ അന്തരീക്ഷത്തിൽ ഇത് കൂടുതൽ രസം പകരുമെന്നാണ് എഡിറ്ററുടെ അഭിപ്രായമെന്നും സിന്ധു സൂര്യകുമാർ പറയുന്നു. ഉൾപാർട്ടി ചർച്ചകളും ഭിന്നതകളുമൊക്കെ വാർത്തയാക്കാനും നിർദ്ദേശിക്കുന്നുണ്ട്. ബിജെപിയെയും കോൺഗ്രസിനെയും ലക്ഷ്യമിട്ട് ഇത്തരമൊരു ഇ മെയിൽ കൈമാറിയപ്പോൾ എൽഡിഎഫിനോട് മൃദുസമീപനമാണ് ചാനൽ സ്വീകരിച്ചത്.
ചാനലിലെ റീജിണൽ എഡിറ്റർമാർക്ക് അയച്ച ഇ മെയിലിൽ എൽഡിഎഫിന്റെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ബിജെപി, യുഡിഎഫ് കേന്ദ്രങ്ങളിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ചാനലിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകളെ നിയോഗിച്ചതും ഇ മെയിലിൽ വ്യക്തമാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഏഷ്യാനെറ്റിന്റെ പക്ഷപാതപരമായ നിലപാടിനെ വിമർശിച്ച് കെ സുരേന്ദ്രൻ ഇ മെയിൽ അടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇത്തരത്തിൽ ചാനലുകളെ ഭരണകക്ഷിയുടെ പിആർ ആയി മാറ്റുന്നതിൽ മുഖ്യമന്ത്രിയെയും സുരേന്ദ്രൻ വിമർശിച്ചിരുന്നു.
നിർണായക സമയങ്ങളിൽ ചാനലിന്റെ സിപിഎം- ഇടത് അനുകൂല നിലപാടുകൾ പ്രതിപക്ഷ രാഷ്്ട്രീയ പാർട്ടികളിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. കാലങ്ങളായി സ്ഥാപനത്തിലെ ഇടത് ആഭിമുഖ്യമുളള മാദ്ധ്യമപ്രവർത്തകരെ കൂട്ടുപിടിച്ച് ചാനൽ ഇത്തരം അജണ്ടകൾ രഹസ്യമായി നടപ്പിലാക്കുന്നതും പതിവായിരുന്നു. പല ഘട്ടങ്ങളിലും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ഇത് പൊതുസമൂഹത്തിലടക്കം തുറന്നുകാട്ടിയിട്ടുമുണ്ട്.
കോഴിക്കോട് ചാനൽ ഓഫീസ് റെയ്ഡ് ചെയ്തതും കൊച്ചിയിലെ ഓഫീസിൽ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധവുമെല്ലാം മുൻകാലങ്ങളിൽ ചാനൽ സ്വീകരിച്ച മൃദുസമീപനത്തിന്റെയും രാഷ്ട്രീയ പക്ഷപാതത്തിന്റെയും ഫലമാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.
Discussion about this post